കലാശപ്പോരിന് ഇറങ്ങും മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് ആശങ്ക സമ്മാനിക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മുന്‍ റെക്കോര്‍ഡാണ്. ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായിരുന്നു ജയം. രണ്ട് മത്സരത്തിലും ആധികാരിക ജയമാണ് ടൈറ്റന്‍സ് നേടിയത്.
ആദ്യ നേര്‍ക്കുനേര്‍ മത്സരത്തില്‍ ഗുജറാത്ത് 37 റണ്‍സിന് ജയിക്കുകയായിരുന്നു. ഗുജറാത്തിന്റെ 192 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ക്വാളിഫയര്‍ മത്സരത്തിലും ഗുജറാത്ത് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. ജോസ് ബട്‌ലറുടെ 89 റണ്‍സിന്റെയും സഞ്ജു സാംസണിന്റെ 47 റണ്‍സിന്റേയും മികവില്‍ രാജസ്ഥാന്‍ 188 റണ്‍സെടുത്തു. എന്നാല്‍ മൂന്ന് പന്ത് ശേഷിക്കേ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തിയാണ് മില്ലര്‍ ടൈറ്റന്‍സിനെ ഫൈനലില്‍ എത്തിച്ചത്.
advertisement
സഞ്ജു സാംസണിലൂടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷെയ്ന്‍ വോണിന്റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ഫൈനല്‍ കളിക്കുന്നത്. ടീമിന്റെ ആദ്യത്തെ നായകനായ ഷെയ്ന്‍ വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം. അതേസമയം ലീഗിലെ കന്നി ടീമായ ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ്.