തുടക്കത്തിലേറ്റ തകർച്ചയിൽ നിന്നും ലക്നൗവിനെ അരകയറ്റിയത് ദീപക് ഹൂഡയുടെയും യുവതാരം ആയുഷ് ബഡോനിയുടെയും തകർപ്പൻ അർധസെഞ്ചുറി പ്രകടനങ്ങളായിരുന്നു. മുഹമ്മദ് ഷമിയുടെ തകർപ്പൻ ഓപ്പണിങ് സ്പെല്ലിന് മുന്നിൽ തകർന്ന് നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന ദയനീയ നിലയിരുന്ന ലക്നൗവിനെ ഇരുവരും ചേർന്ന് രക്ഷിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 87 റണ്‍സാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഹൂഡ 55 റണ്‍സും ആയുഷ് 54 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ലക്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പർ മാത്യൂ വെയ്ഡിന്റെ കൈകളിലെത്തിച്ച ഷമി ഗുജറാത്തിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. അമ്പയർ രാഹുലിന് അനുകൂലമായി വിധിച്ചെങ്കിലും ഡിആർഎസിലൂടെ ഗുജറാത്ത് വിധി തങ്ങൾക്ക് അനുകൂലമാക്കി എടുക്കുകയായിരുന്നു. രാഹുൽ മടങ്ങിയതിന് പിന്നാലെ തന്നെ ലക്നൗവിന്റെ മറ്റൊരു ഓപ്പണറായ ക്വിന്റൺ ഡീ കോക്കിനെയും മടക്കി ഷമി ആഞ്ഞടിച്ചു. ഒമ്പത് പന്തുകളിൽ ഏഴ് റൺസ് മാത്രമെടുത്ത ഡീ കോക്കിനെ ഷമി ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു.
advertisement
ഓപ്പണർമാരെ ഷമി മടക്കിയപ്പോൾ പിന്നാലെ ക്രീസിൽ എത്തിയ വിൻഡീസ് വെടിക്കെട്ട് ബാറ്റർ എവിൻ ലൂയിസിനെ മടക്കി വരുൺ ആരോൺ ലക്നൗവിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. വരുണിന്റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ലൂയിസ് ശുഭ്മൻ ഗില്ലിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ലൂയിസിന് പകരമായി ക്രീസിൽ എത്തിയ മനീഷ് പാണ്ഡെയ്ക്കും പിടിച്ചുനിൽക്കാനായില്ല. ഷമിയുടെ മനോഹരമായ പേസ് ബൗളിങ്ങിന് മുന്നിൽ പാണ്ഡെയും വീഴുകയായിരുന്നു. അഞ്ച് പന്തിൽ ആറ് റൺസ് മാത്രമെടുത്ത താരത്തെ ഷമി ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു.
ഇതോടെ 29 റൺസിന് നാല് വിക്കറ്റ് എന്ന ദയനീയ നിലയിലേക്ക് വീഴുകയായിരുന്നു ലക്നൗ. എന്നാൽ അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ദീപക് ഹൂഡയുടെയും യുവതാരം ആയുഷ് ബഡോനിയും ചേർന്ന് ലക്നൗവിനെ തകർച്ചയിൽ നിന്നും കരകയറ്റുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. 10 ഓവർ തീരുമ്പോൾ കേവലം 47 റൺസ് മാത്ര൦ നേടിയ ലക്നൗ ഇന്നിങ്സിന്റെ ഗിയർ ഇരുവരും കൂടി പതുക്കെ ഉയർത്തുകയായിരുന്നു.
ക്രീസിൽ നിലയുറപ്പിച്ചതോടെ ഹൂഡയും ബഡോനിയും അടിച്ചുതകർക്കാൻ തുടങ്ങി.
പിന്നാലെ തന്നെ 36 പന്തുകളിൽ ഹൂഡ അർധസെഞ്ചുറി നേടി. ഇരുവരുടെയും തകർപ്പനടികളിൽ ഉയർന്ന ലക്നൗ ടീമിന്റെ സ്കോർ 14.2 ഓവറില്‍ 100 കടന്നു. മികച്ച രീതിയിൽ റൺ നേടി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്ന ലക്നൗവിന് പക്ഷെ 16-ാ൦ ഓവറിൽ തിരിച്ചടി ലഭിച്ചു. ഓവറിലെ അഞ്ചാം പന്തിൽ ഹൂഡയെ വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് ഖാൻ ഗുജറാത്തിന് നിർണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു. 41 പന്തുകളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും സഹിതം 55 റൺസ് എടുത്താണ് താരം പുറത്തായത്.
ഹൂഡ മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ ക്രുനാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് ബഡോനി ലക്നൗ സ്കോറിനെ മുന്നോട്ട് കൊണ്ടുപോയി. വൈകാതെ തന്നെ ബഡോനി ഐപിഎല്ലിലെ തന്റെ ആദ്യ അർധസെഞ്ചുറി നേട്ടം സ്വന്തമാക്കി. 38 പന്തുകളിൽ അർധസെഞ്ചുറി നേടിയ താരം അവസാന ഓവറിലാണ് പുറത്തായത്. 41 പന്തുകളില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതം 54 റൺസ് നേടിയ താരം വരുൺ ആരോണിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 13 പന്തുകളില്‍ നിന്ന് 21 റണ്‍സോടെ ക്രുനാല്‍ പുറത്താകാതെ നിന്നു.
ഗുജറാത്തിനായി ഷമി നാലോവറിൽ വെറും 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുൺ ആരോൺ രണ്ട വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ ഒരു വിക്കറ്റ് വീഴ്ത്തി.