സ്കോര്‍:ഗുജറാത്ത് ടൈറ്റൻസ് 20 ഓവറില്‍ 143-8, പഞ്ചാബ് കിംഗ്സ് 16 ഓവറില്‍ 145-2.
തുടരെ മത്സരങ്ങൾ ജയിച്ച് മുന്നേറുകയായിരുന്ന ഗുജറാത്തിന്റെ വിജയക്കുതിപ്പിനാണ് പഞ്ചാബ് ബ്രേക്കിട്ടത്. മത്സരം ജയിച്ചിരുന്നെങ്കില്‍ ഗുജറാത്തിന് പ്ലേഓഫ് യോഗ്യത ഉറപ്പിക്കാമായിരുന്നു. ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി നിർത്താൻ പഞ്ചാബിനായി. ജയത്തോടെ 10 കളികളില്‍ 10 പോയിന്റ് നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 10 കളികളില്‍ 16 പോയിന്റുമായി ഗുജറാത്ത് തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത് നിൽക്കുന്നത്.
advertisement
ഗുജറാത്ത് ഉയര്‍ത്തിയ താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് മൂന്നാം ഓവറില്‍ തന്നെ അടി കിട്ടി. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ (1) മടക്കി മുഹമ്മദ് ഷമിയാണ് പഞ്ചാബിനെ ഞെട്ടിച്ചത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാനും രാജപക്സെയും ചേര്‍ന്ന് ഗുജറാത്ത് ബൗളിംഗ് ആക്രമണത്തെ നിർവീര്യമാക്കി മുന്നേറുകയായിരുന്നു. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇവർ പഞ്ചാബിന്‍റെ ജയത്തിന് അടിത്തറയിട്ടു. രണ്ടാം വിക്കറ്റിൽ 87 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 28 പന്തില്‍ 40 റണ്‍സെടുത്ത രാജപക്സെയെ ലോക്കി ഫെര്‍ഗൂസന്‍ മടക്കിയെങ്കിലും പകരമെത്തിയ ലിവിംഗ്‌സ്റ്റണ്‍ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ധവാനെ കാഴ്ചക്കാരനാക്കി നിർത്തി തകർത്തടിച്ചതോടെ പഞ്ചാബ് ജയത്തിലേക്ക് വേഗം കുതിച്ചെത്തി.
10 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 30 റണ്‍സെടുത്ത ലിവിംഗ്‌സ്റ്റണിന്‍റെ വെടിക്കെട്ടാണ് പഞ്ചാബ് ജയം എളുപ്പമാക്കിയത്. മുഹമ്മദ് ഷമി എറിഞ്ഞ 16-ാ൦ ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 28 റൺസാണ് ലിവിങ്സ്റ്റൺ നേടിയത്. അതിൽ 117 മീറ്റർ നീളമുള്ള കൂറ്റൻ സിക്‌സറും ഉണ്ടായിരുന്നു. മറുവശത്ത് 53 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 62 റൺസ് നേടിയാണ് ധവാൻ പുറത്താകാതെ നിന്നത്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസനും ഓരോ വിക്കറ്റ് വീഴ്ത്തി..
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 143 റൺസ് എടുത്തത്.വമ്പനടിക്കാർ ഏറെയുള്ള ഗുജറാത്ത് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുന്ന പ്രകടനമായിരുന്നു പഞ്ചാബ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയുടെ നാല് വിക്കറ്റ് പ്രകടനമാണ് അവരെ തകർത്തത്. പേരുകേട്ട താരങ്ങളെല്ലാം പെട്ടെന്ന് തന്നെ പുറത്തായപ്പോൾ യുവതാരം സായ് സുദർശൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 50 പന്തുകളിൽ പുറത്താകാതെ 64 റൺസ് നേടിയ താരമാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (1), ശുഭ്മാൻ ഗിൽ (9), ഡേവിഡ് മില്ലർ (11), രാഹുൽ തെവാട്ടിയ (11) എന്നിവരെല്ലാം നിരാശപ്പെടുത്തി.