വമ്പനടിക്കാർ ഏറെയുള്ള ഗുജറാത്ത് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുന്ന പ്രകടനമായിരുന്നു പഞ്ചാബ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയുടെ നാല് വിക്കറ്റ് പ്രകടനമാണ് അവരെ തകർത്തത്. പേരുകേട്ട താരങ്ങളെല്ലാം പെട്ടെന്ന് തന്നെ പുറത്തായപ്പോൾ യുവതാരം സായ് സുദർശൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 50 പന്തുകളിൽ പുറത്താകാതെ 64 റൺസ് നേടിയ താരമാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (1), ശുഭ്മാൻ ഗിൽ (9), ഡേവിഡ് മില്ലർ (11), രാഹുൽ തെവാട്ടിയ (11) എന്നിവരെല്ലാം നിരാശപ്പെടുത്തി.
advertisement
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ശുഭ്‌മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്കോർ 17ൽ നിൽക്കെ ഗില്‍ (9) റണ്ണൗട്ടായതോടെ ഗുജറാത്ത് തകർച്ചയും തുടങ്ങി. ടീം സ്കോർ 34 നിൽക്കെ വൃദ്ധിമാന്‍ സാഹയേയും (17 പന്തില്‍ 21) പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ 44 റൺസിൽ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയേയും നഷ്ടമായതോടെ അവർ പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു.
നാലാം വിക്കറ്റിൽ ഡേവിഡ് മില്ലറും സായ് സുദര്‍ശനും ചേര്‍ന്ന് ഗുജറാത്തിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും മില്ലറെ മടക്കി ലിവിംഗ്‌സ്റ്റണ്‍ ഗുജറാത്തിന് വീണ്ടും തിരിച്ചടി നൽകി. മില്ലറിന് ശേഷമെത്തിയ രാഹുല്‍ തെവാട്ടിയക്കും റാഷിദ് ഖാനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. വെടിക്കെട്ട് വീരന്മാരായ ഇരുവരെയും വീഴ്ത്തിയ റബാഡ ഗുജറാത്തിന്റെ സ്കോറിങ് റേറ്റിന് പൂട്ടിടുകയായിരുന്നു. പ്രദീപ് സംഗ്‌വാനെ (2) അര്‍ഷദീപും ലോക്കി ഫെര്‍ഗൂസനെ (5) റബാഡയും വീഴ്ത്തിയതോടെ ഒറ്റയാനായി പൊരുതി അർധസെഞ്ചുറി നേടിയ സായ് സുദർശന്റെ ഇന്നിങ്‌സാണ് ഗുജറാത്തിനെ 140 കടത്തിയത്. അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് സുദർശൻ 54 റൺസ് നേടിയത്.
നാലോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് റബാഡ നാല് വിക്കറ്റ് വീഴ്ത്തിയത്. ഋഷി ധവാൻ, അർഷദീപ് സിങ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.