വിജയങ്ങൾ ശീലമാക്കിയ ഇരു ടീമുകളും നേർക്കുനേർ എത്തുന്ന മത്സരത്തിൽ ആവേശകരമായ മുഹൂർത്തങ്ങൾക്കാണ് ആരാധകർ കാത്തിരിക്കുന്നത്. തുടരെ മൂന്ന് മത്സരങ്ങൾ ജയിച്ചാണ് ഗുജറാത്ത് എത്തുന്നതെങ്കിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ചാണ് ഹൈദരാബാദ് എത്തുന്നത്. മത്സരത്തിൽ ജയിക്കുന്നവര്‍ക്ക് പോയിന്റ് ടേബിളിൽ തലപ്പത്തെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്തും അത്രയും മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്. എന്നാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഹൈദരാബാദിനാണ് മുൻതൂക്കം. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കുകയാണെങ്കിൽ അവർക്ക് രാജസ്ഥാനെയും മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താം.
advertisement
ഒരു താരത്തിൽ മാത്രം ഒതുങ്ങാതെ കൂട്ടായ പ്രകടനത്തിലൂടെയാണ് സൺറൈസേഴ്‌സ് ഈ സീസണിൽ മുന്നേറുന്നത്. ഓരോ മത്സരത്തിലും വ്യത്യസ്ത താരങ്ങളാണ് ടീമിന്റെ വിജയശിൽപികളായത്. ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ, നടരാജൻ, മാർകോ ജാൻസെൻ, ഉമ്രാൻ മാലിക് എന്നിവരടങ്ങുന്ന പേസ് ബാറ്ററിയാണ് ടീമിന്റെ കരുത്ത്. ഇവരുടെ കൂട്ടത്തിലേക്ക് പരിക്ക് മാറി വാഷിംഗ്ടൺ സുന്ദർ എത്തുന്നതോടെ ഹൈദരാബാദിന്റെ ബൗളിംഗ് നിരയുടെ മൂർച്ച ഒന്നുകൂടി വർധിക്കും.
അതേസമയം, ബാറ്റിങ്ങിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനങ്ങളുടെ ബലത്തിലാണ് ഗുജറാത്ത് മുന്നേറുന്നതെങ്കിലും ബൗളിങ്ങിൽ അവർക്ക് തലവേദനകളില്ല. മുഹമ്മദ് ഷമിയും ലോക്കി ഫെർഗൂസനും നയിക്കുന്ന പേസ് നിരയ്ക്ക് കൂട്ടായി സ്പിന്നിൽ റാഷിദ് ഖാനുമുള്ളതാണ് അവരുടെ ബലം.
സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് : അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റൻ), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരാന്‍ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സെന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.
ഗുജറാത്ത് ടൈറ്റന്‍സ് : വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.