15 ഓവറിൽ 140-2 എന്ന നിലയിലായിരുന്ന ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക് നീങ്ങുകായാണെന്ന് തോന്നിച്ച ഘട്ടത്തിൽ ഗുജറാത്ത് തിരിച്ചടിക്കുകയായിരുന്നു. അഭിഷേക് ശർമയെ പുറത്താക്കി അൽസാരി ജോസഫ് നൽകിയ ബ്രെക്ത്രൂ മുതലാക്കിയ ഗുജറാത്ത് ബൗളർമാർ പിന്നീടുള്ള മൂന്ന് ഓവറുകൾക്കിടെ നാല് വിക്കറ്റ് വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
തുടരെ വിക്കറ്റുകൾ വീണതോടെ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോറിൽ ഒതുങ്ങുമെന്ന് കരുതിയെങ്കിലും പിന്നീട് ക്രീസിൽ എത്തിയ ശശാങ്ക് സിങ് ഹൈദരാബാദിനെ വീണ്ടും മേൽക്കൈ നൽകുകയായിരുന്നു. അൽസാരി ജോസഫിനെ നേരിട്ട് ആദ്യ പന്ത് ഫോർ അടിച്ചു തുടങ്ങിയ താരം അവസാന ഓവറിൽ ലോക്കി ഫെർഗൂസനെ തുടരെ മൂന്ന് സിക്സുകൾക്ക് പറത്തി ഹൈദരാബാദ് സ്കോർ 190 കടത്തുകയായിരുന്നു. ആദ്യ പന്തിൽ മാർകോ ജാൻസെൻ നേടിയ സിക്സുൾപ്പെടെ ഹൈദരാബാദ് ഈ ഓവറിൽ മൊത്തം 25 റൺസാണ് സ്വന്തമാക്കിയത്. ശശാങ്കിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ അവസാന അഞ്ച് ഓവറുകളിൽ 55 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ശശാങ്കിനൊപ്പം 5 പന്തിൽ 8 റൺസുമായി മാർകോ ജാൻസെൻ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (5), നിക്കോളാസ് പൂരാൻ (3), വാഷിംഗ്ടൺ സുന്ദർ (3) എന്നിവർ നിരാശപ്പെടുത്തി. രാഹുൽ ത്രിപാഠി (10 പന്തിൽ 16) മികച്ച തുടക്കം നേടിയെങ്കിലും പിന്നീട് നിരാശപ്പെടുത്തി.
ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. യഷ് ദയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

