സ്വപ്ന തുല്യമായ തുടക്കമായിരുന്നു ഡൽഹിക്ക് കിട്ടിയത്. 8.4 ഓവറിൽ ഡൽഹിയുടെ ഓപ്പണിങ് സഖ്യം 93 റൺസ് അടിച്ചെടുത്തു. ഐപിഎൽ കരിയറിലെ 12ാം അർധ സെഞ്ചുറിയാണു ഷാ കുറിച്ചത്. ഒടുവിൽ പൃഥ്വി ഷായെ ബോൾഡാക്കിയ വരുൺ ചക്രവർത്തിയാണ് സഖ്യം തകർത്തത്. പിന്നാലെ ആന്ദ്രെ റസ്സലിനെ സിക്സറടിച്ച് 35 പന്തിൽ ഡേവിഡ് വാർണർ അർധ സെഞ്ചുറി തികച്ചു.
മൂന്നാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ റിഷഭ് പന്ത് മികച്ച ഫോണിലാണെന്ന് തോന്നിച്ചെങ്കിലും വാർണർ അർധ സെഞ്ചുറി തികച്ച അതേ ഓവറിൽ റസ്സലിന് വിക്കറ്റ് നൽകി മടങ്ങി. 14 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 26 റൺസുമായാണ് പന്ത് മടങ്ങിയത്. റസ്സലിന്റെ ഷോട്ട് ബോളിൽ ബാറ്റുവച്ച പന്ത് ഉമേഷ് യാദവിനു ക്യാച്ച് നൽകുകയായിരുന്നു.
advertisement
ലളിത് യാദവിന്റെയും (4 പന്തിൽ 1) റോവ്മാൻ പവലിന്റെയും (6 പന്തിൽ ഒരു സിക്സ് അടക്കം 8) ഇന്നിങ്സുകൾ അധികം നീണ്ടില്ല. 17ാം ഓവറിൽ ഉമേഷ് യാദവാണ് ഡേവിഡ് വാർണറെ മടക്കിയത്. പക്ഷേ, ഡെത്ത് ഓവറുകളിൽ ശാർദൂൽ ഠാക്കൂർ (11 പന്തിൽ 1 ഫോറും 3 സിക്സും അടക്കം 29 നോട്ടൗട്ട്), അക്ഷർ പട്ടേൽ (14 പന്തിൽ 2 ഫോറും 1 സിക്സം അടക്കം 22 നോട്ടൗട്ട്) എന്നിവർ തകർത്തടിച്ചതോടെ സ്കോർ 200 കടന്നു.
കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. വരുൺ ചക്രവർത്തി 4 ഓവറിൽ 44 റൺസും ഉമേഷ് യാദവ് 48ഉം റൺസ് വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 2 ഓവറിൽ 16 റൺസ് വഴങ്ങിയ ആന്ദ്രെ റസ്സൽ ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത, ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യർ ഡൽഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവിയിൽ നിന്ന് കരകയറാനാണ് ഡൽഹിയിറങ്ങിയത്. ഇരു ടീമും 29 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. കൊൽക്കത്ത പതിനാറിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലടക്കം മൂന്ന് തവണയാണ് ഡൽഹിയും കൊൽക്കത്തയും ഏറ്റുമുട്ടിയത്. രണ്ട് കളിയിൽ കൊൽക്കത്തയും ഒരു കളിയിൽ ഡൽഹിയും ജയിച്ചു.
സീസണിലെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ശ്രേയസിന്‍റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തെടുക്കുന്നത്. നാലില്‍ മൂന്നും ജയിച്ച കെകെആര്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്താണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിംഗ്‌സ്, നിതീഷ് റാണ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുണ്‍ ചക്രവര്‍ത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോവ്‌മാന്‍ പവല്‍, സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്‌തഫിസൂര്‍ റഹ്‌മാന്‍, ഖലീല്‍ അഹമ്മദ്.