കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് മൂന്നാം ഓവറിൽ ഓപ്പണർ വെങ്കിടേഷ് അയ്യരുടെ (14 പന്തിൽ 8) വിക്കറ്റ് നഷ്ടമായി. ഖലീൽ അഹമ്മദിനാണ് വിക്കറ്റ്. പിന്നാലെ അഞ്ചാം ഓവറിൽ അജിങ്ക്യ രഹാനെയെയും (8 പന്തിൽ 18) പുറത്താക്കി ഖലീൽ അഹമ്മദ് ഇരട്ട പ്രഹരമേകി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ മികച്ച ഇന്നിങ്സ് പുറത്തെടുത്തെങ്കിലും നിതീഷ് റാണെ ഒഴികെ ആരും ക്യാപ്റ്റന് പിന്തുണ നല്‍കിയില്ല. ആന്ദ്രെ റസ്സൽ 21 പന്തിൽ 24 റൺസ് നേടി.
advertisement
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 20 ഓവറിൽ 5 വിക്കറ്റിന് 215 റൺസ് എടുത്തിരുന്നു. ഡേവിഡ് വാര്‍ണർ (45 പന്തിൽ 6 ഫോറും 2 സിക്സും അടക്കം 61), പൃഥ്വി ഷാ (29 പന്തിൽ 7 ഫോറും 2 സിക്സും അടക്കം 51) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്.
സ്വപ്ന തുല്യമായ തുടക്കമായിരുന്നു ഡൽഹിക്ക് കിട്ടിയത്. 8.4 ഓവറിൽ ഡൽഹിയുടെ ഓപ്പണിങ് സഖ്യം 93 റൺസ് അടിച്ചെടുത്തു. ഐപിഎൽ കരിയറിലെ 12ാം അർധ സെഞ്ചുറിയാണ് ഷാ കുറിച്ചത്. ഒടുവിൽ പൃഥ്വി ഷായെ ബോൾഡാക്കിയ വരുൺ ചക്രവർത്തിയാണ് സഖ്യം തകർത്തത്. പിന്നാലെ ആന്ദ്രെ റസ്സലിനെ സിക്സറടിച്ച് 35 പന്തിൽ ഡേവിഡ് വാർണർ അർധ സെഞ്ചുറി തികച്ചു.
മൂന്നാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ റിഷഭ് പന്ത് മികച്ച ഫോണിലാണെന്ന് തോന്നിച്ചെങ്കിലും വാർണർ അർധ സെഞ്ചുറി തികച്ച അതേ ഓവറിൽ റസ്സലിന് വിക്കറ്റ് നൽകി മടങ്ങി. 14 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 26 റൺസുമായാണ് പന്ത് മടങ്ങിയത്. റസ്സലിന്റെ ഷോട്ട് ബോളിൽ ബാറ്റുവച്ച പന്ത് ഉമേഷ് യാദവിനു ക്യാച്ച് നൽകുകയായിരുന്നു.
ലളിത് യാദവിന്റെയും (4 പന്തിൽ 1) റോവ്മാൻ പവലിന്റെയും (6 പന്തിൽ ഒരു സിക്സ് അടക്കം 8) ഇന്നിങ്സുകൾ അധികം നീണ്ടില്ല. 17ാം ഓവറിൽ ഉമേഷ് യാദവാണ് ഡേവിഡ് വാർണറെ മടക്കിയത്. പക്ഷേ, ഡെത്ത് ഓവറുകളിൽ ശാർദൂൽ ഠാക്കൂർ (11 പന്തിൽ 1 ഫോറും 3 സിക്സും അടക്കം 29 നോട്ടൗട്ട്), അക്ഷർ പട്ടേൽ (14 പന്തിൽ 2 ഫോറും 1 സിക്സം അടക്കം 22 നോട്ടൗട്ട്) എന്നിവർ തകർത്തടിച്ചതോടെ സ്കോർ 200 കടന്നു.
കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. വരുൺ ചക്രവർത്തി 4 ഓവറിൽ 44 റൺസും ഉമേഷ് യാദവ് 48ഉം റൺസ് വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 2 ഓവറിൽ 16 റൺസ് വഴങ്ങിയ ആന്ദ്രെ റസ്സൽ ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത, ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.