ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് പകരം സാം ബ്ലിലിംഗ്സും ഷെല്‍ഡണ്‍ ജാക്സണ് പകരം റിങ്കു സിംഗും പാറ്റ് കമ്മിൻസിന് പകരം ടിം സൗത്തിയും കൊല്‍ക്കത്തയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടി.
സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ ജയം നേടി മികച്ച തുടക്കം നേടിയ കൊൽക്കത്ത പക്ഷെ പിന്നീട് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ തോറ്റു. ബൗളിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് അവരെ വലയ്ക്കുന്നത്. ബൗളിങ്ങിൽ ടീമിന്റെ കുന്തമുനയായ ഓസീസ് താരം പാറ്റ് കമ്മിൻസിന്റെ പന്തുകൾക്ക് എതിരാളികളെ വിറപ്പിക്കാൻ കഴിയാത്തതാണ് അവർക്ക് തിരിച്ചടി നൽകുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും നാലോവറുകളിൽ 50 റൺസിനടുത്താണ് കമ്മിൻസ് വഴങ്ങിയത്. ഓവറില്‍ ശരാശരി 12 റണ്‍സ് വഴങ്ങുന്ന കമ്മിൻസിന് ആകെ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. വരുൺ ചക്രവർത്തിയുടെ ഫോമില്ലായ്‌മയും കൊൽക്കത്തയ്ക്ക് തലവേദന നൽകുന്നുണ്ട്.
advertisement
ബാറ്റിങ്ങിൽ മധ്യനിരക്കാർ ഭേദപ്പെട്ട പ്രകടനങ്ങളിൽ ഒതുങ്ങിപ്പോകുന്നതും അവർക്ക് തിരിച്ചടിയാണ്. ക്യാപ്റ്റൻ ശ്രേയസ് അയ്യരൊഴികെ മറ്റൊരു താരത്തിനും സ്ഥിരതയോടെ റൺസ് കണ്ടെത്താൻ കഴിയുന്നില്ല.
മറുവശത്ത് ഗുജറാത്തിന് ബൗളിങ്ങിൽ തലവേദനയില്ലെങ്കിലും ബാറ്റിങ്ങിൽ മുൻനിരയുടെ സ്ഥിരതയില്ലായ്മ അവരെ വലയ്ക്കുന്നുണ്ട്. ശുഭ്മാന്‍ ഗില്‍ മികച്ച രീതിയിൽ സീസണിന് തുടക്കമിട്ടെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം 10 ന് താഴെയുള്ള സ്കോറിനാണ് പുറത്തായത്. ഗില്ലിന്റെ കൂട്ടാളിയായെത്തുന്ന വെയ്ഡിനും അവസരങ്ങൾ വേണ്ടവിധം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. മധ്യനിരയിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മില്ലറും ഫോമിലാണെന്നുള്ളതാണ് അവർക്ക് ആശ്വാസം നൽകുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാർദിക്കിന് പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത റാഷിദ് ഖാനും ബാറ്റിങ്ങിൽ തിളങ്ങിയെന്നത് അവർക്ക് ആശ്വാസം നൽകുന്നു.
ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഗുജറാത്തിന് രാജസ്ഥാനെ മറികടന്ന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. അതേസമയം, ജയം കൊൽക്കത്തയ്ക്കാണെങ്കിൽ അവർക്ക് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയരാം.
ഗുജറാത്ത് ടൈറ്റൻസ് (പ്ലെയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലെയിംഗ് ഇലവൻ): വെങ്കടേഷ് അയ്യർ, സുനിൽ നരെയ്ൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, സാം ബില്ലിംഗ്സ് (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ആന്ദ്രെ റസൽ, ടിം സൗത്തി, ശിവം മാവി, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി

