സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 156/7, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 148/8.
നേരത്തെ ബൗളിങ്ങിൽ ഒരോവറിൽ നാല് വിക്കറ്റ് വീഴ്ത്തി തകർപ്പൻ പ്രകടനം നടത്തിയ ശേഷം ബാറ്റിങിനിറങ്ങിയപ്പോഴും അതേ തകർപ്പൻ പ്രകടനമാണ് റസൽ (Andre Russel) കാഴ്ചവെച്ചത്. 25 പന്തില്‍ 48 റണ്‍സെടുത്ത ആന്ദ്രെ റസലിന്റെ ഒറ്റയാൻ പ്രകടനമാണ് ഗുജറാത്ത് അനായാസം ജയിച്ചുകയറുമായിരുന്ന മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് എത്തിച്ചത്.
തകർത്തടിച്ച് റസൽ മുന്നേറിയെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് മത്സരം കൈയിൽ നിന്നും പോകാതെ നിയന്ത്രിച്ചു നിർത്തുകയായിരുന്നു. തകർത്തടിച്ച് മുന്നേറുകയായിരുന്ന റസൽ ഒടുവിൽ അർഹിച്ച അർധസെഞ്ചുറിക്ക് രണ്ട് റൺസ് അകലെയും വിജയത്തിന് 11 റൺസ് അകലെയും വീണതോടെ കൊൽക്കത്തയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.
advertisement
റസല്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ 18 റൺസ് ആയിരുന്നു കൊൽക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവർ എറിഞ്ഞ അല്‍സാരി ജോസഫിന്‍റെ ആദ്യ പന്ത് തന്നെ പടുകൂറ്റന്‍ സിക്സര്‍ പറത്തി റസല്‍ കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ റസലിനെ ലോക്കി ഫെർഗൂസന്റെ കൈകളിലെത്തിച്ച് അൽസാരി ജോസഫ് ഗുജറാത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 28 പന്തിൽ 35 റൺസുമായി റിങ്കു സിങ്ങും 15 പന്തിൽ 15 റൺസ് നേടി ഉമേഷ് യാദവും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ(12), നിതീഷ് റാണ(2), സുനിൽ നരെയ്ൻ(5), സാം ബില്ലിംഗ്സ് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി.
ഗുജറാത്തിനായി ബൗളിങ്ങിൽ മുഹമ്മദ് ഷമി, യാഷ് ദയാൽ, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ജയം നേടിയ ഗുജറാത്ത് രാജസ്ഥാനെ മറികടന്ന് പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി. ഏഴ് മത്സരങ്ങളിൽ ആറ് ജയവും ഒരു തോൽവിയും സഹിതം 12 പോയിന്റാണ് ഗുജറാത്തിനുള്ളത്. അതേസമയം, തുടർച്ചയായ നാലാം മത്സരവും തോറ്റ കൊൽക്കത്ത പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങളിൽ മൂന്ന് ജയവും അഞ്ച് തോൽവിയും സഹിതം ആറ് പോയിന്റാണ് കൊൽക്കത്തയ്ക്കുള്ളത്.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഗുജറാത്ത് 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് എടുത്തത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ (Hardik Pandya) അർധസെഞ്ചുറി പ്രകടനത്തിന്റെ (47 പന്തിൽ 69) മികച്ച സ്കോറിലേക്ക് കുതിക്കാൻ ഒരുങ്ങുകയായിരുന്ന ഗുജറാത്തിന്റെ മോഹങ്ങൾക്ക് ആന്ദ്രേ റസലും (Andre Russel) ടിം സൗത്തിയും (Tim Southee) ചേർന്ന് വിലങ്ങിടുകയായിരുന്നു.
റസൽ നാലും സൗത്തി മൂന്നും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഉമേഷ് യാദവും ശിവം മാവിയും ഓരോ വിക്കറ്റെടുത്തു.