കണിശതയോടെ സൗത്തി, ശേഷം റസലിന്റെ ആറാട്ട്
പാറ്റ് കമ്മിൻസിന് പകരം ടീമിലിടം നേടിയ സൗത്തി നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി ഹാർദിക് പാണ്ഡ്യയുടേതുൾപ്പെടെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ എന്നിവരായിരുന്നു സൗത്തിയുടെ മറ്റ് ഇരകൾ.
സൗത്തി തന്റെ നാലോവർ ക്വോട്ട തികച്ച് മടങ്ങിയതിന് ശേഷമായിരുന്നു റസലിന്റെ വരവ്. അവസാന ഓവർ എറിയാനായി എത്തിയ താരം കേവലം അഞ്ച് റൺസ് വഴങ്ങി ഗുജറാത്തിന്റെ നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 16 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലായിരുന്ന ഗുജറാത്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയ്ക്കാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. അവസാന നാലോവറുകളിൽ കേവലം 24 റൺസ് മാത്രം വഴങ്ങി ഗുജറാത്തിന്റെ ഏഴ് വിക്കറ്റുകളാണ് കൊൽക്കത്ത വീഴ്ത്തിയത്.
advertisement
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. രണ്ടാം ഓവറിൽ ഗില്ലിനെ സൗത്തി മടക്കുകയായിരുന്നു. തുടക്കത്തിലേ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ ഓവറുകൾ അവസാനിക്കുമ്പോൾ 47-1 എന്ന സ്കോറിലായിരുന്നു ഗുജറാത്ത്.
പവർപ്ലേക്ക് ശേഷം പന്തെറിയാനെത്തിയ വരുൺ ചക്രവർത്തിയെ ഹാർദിക് കണക്കിന് ശിക്ഷിച്ചതോടെ ഗുജറാത്തിന്റെ സ്കോർബോർഡിലേക്ക് അതിവേഗം റൺസ് കയറി. എന്നാൽ 11-ാം ഓവറില്‍ സാഹയെ (25 പന്തില്‍ 25) പുറത്താക്കി ഉമേഷ് യാദവ് കൊൽക്കത്തയ്ക്ക് ബ്രേക്ക്ത്രൂ നൽകി. രണ്ടാം വിക്കറ്റിൽ ഹാർദിക്കുമൊത്ത് 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സാഹ പുറത്തായത്.
സാഹ പുറത്തായ ശേഷമെത്തിയ ഡേവിഡ് മില്ലർ തന്റെ ഫോം തുടർന്നതോടെ 13-ാം ഓവറില്‍ ഗുജറാത്ത് 100 കടന്നു. ഇതിനിടെ 36 പന്തില്‍ ഹാർദിക് ഈ സീസണിലെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി തികച്ചു. ഹാർദിക്കിനൊപ്പം മില്ലറും തകര്‍ത്തടിച്ചപ്പോള്‍ ഗുജറാത്ത് വമ്പന്‍ സ്കോര്‍ കുറിക്കുമെന്ന് കരുതിയെങ്കിലും 18-ാം ഓവര്‍ എറിഞ്ഞ ടിം സൗത്തി ഹാർദിക്കിനെയും (49 പന്തില്‍ 67), റാഷിദ് ഖാനെയും (0) മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഗുജറാത്തിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. അവസാന ഓവറിൽ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി റസല്‍ നാല് വിക്കറ്റ് വീഴ്ത്തിയതോടെ ഗുജറാത്ത് 156ല്‍ ഒതുങ്ങുകയായിരുന്നു. അവസാന ഓവറിൽ റസല്‍ നേടിയ മൂന്ന് വിക്കറ്റുകളിലും ക്യാച്ച് എടുത്തത് റിങ്കു സിംഗായിരുന്നു. മത്സരത്തില്‍ റിങ്കു നാലു ക്യാച്ചുമായി തിളങ്ങി.
റസൽ നാലും സൗത്തി മൂന്നും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഉമേഷ് യാദവും ശിവം മാവിയും ഓരോ വിക്കറ്റെടുത്തു. തുടര്‍ച്ചയായ നാലാം മത്സരത്തിലും വരുണ്‍ ചക്രവര്‍ത്തി വിക്കറ്റില്ലാതെ മടങ്ങി.