സ്കോർ : മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 161-4; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 16 ഓവറിൽ 162-5
കമ്മിൻസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ മുംബൈ ഉയർത്തിയ 162 റൺസ് എന്ന വിജയലക്ഷ്യം നാലോവറുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു. ഡാനിയേൽ സാംസ് എറിഞ്ഞ 16-ാ൦ ഓവറിൽ നിന്നും 35 റൺസാണ് കമ്മിൻസ് അടിച്ചെടുത്തത്. ഒരു നോബോൾ അടക്കം നാല് സിക്‌സും രണ്ട് ഫോറുകളുമാണ് ഈ ഓവറിൽ പിറന്നത്.
advertisement
നേരത്തെ ബൗളിങ്ങിൽ നാലോവറിൽ 49 റൺസ് വഴങ്ങിയ കമ്മിൻസ് പക്ഷെ ബാറ്റിങ്ങിൽ തീയാവുകയായിരുന്നു. കേവലം 15 പന്തുകളിൽ 56 റൺസാണ് ഓസീസ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെ വെടിക്കെട്ട് അർധസെഞ്ചുറി നേടിയ കമ്മിൻസ് ഐപിഎല്ലിലെ അതിവേഗ അർധസെഞ്ചുറി എന്ന റെക്കോർഡിനൊപ്പമെത്തി. 14 പന്തുകളിൽ നിന്ന് കെ എൽ രാഹുൽ നേടിയ അർധസെഞ്ചുറി റെക്കോർഡിനൊപ്പമാണ് കമ്മിൻസ് തന്റെ പേര് എഴുതി ചേർത്തത്.
കമ്മിൻസിന് പുറമെ അർധസെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരും (41 പന്തിൽ 50) മികച്ച പ്രകടനം നടത്തി.
തുടക്കത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കൊൽക്കത്തയെ പ്രതിരോധത്തിലാക്കി നിർത്തിയെങ്കിലും കമ്മിൻസ് ക്രീസിലെത്തിയതോടെ കളി മാറുകയായിരുന്നു. 14-ാ൦ ഓവറിൽ കമ്മിൻസ് ക്രീസിലെത്തുമ്പോൾ ജയത്തിന് 61 റൺസ് അകലെയായിരുന്നു കൊൽക്കത്ത. ക്രീസിലെത്തി രണ്ടാം പന്ത് തന്നെ സിക്സറിന് പറത്തിയ കമ്മിൻസ് അതിവേഗത്തിൽ മത്സരം തീർക്കാനുള്ള പുറപ്പാടിലായിരുന്നു. ടൈമൽ മിൽസിന്റെയും (14-ാ൦ ഓവർ) ബുംറയുടെയും (15-ാ൦ ഓവർ) ഓവറുകളിൽ ഒരു സിക്‌സും ഒരു ഫോറും വീതം നേടിയ ഓസീസ് താരം ഡാനിയൽ സാംസിന്റെ ഓവറിലാണ് വിശ്വരൂപം പൂണ്ടത്. സാംസിന്റെ ഓവറിൽ തന്നെ കളി തീരുമെന്ന് കടുത്ത കൊൽക്കത്ത ആരാധകർ പോലും വിചാരിച്ചുകാണില്ല. സാംസിനെ ആദ്യ പന്തിൽ സിക്സിന് പറത്തിയ കമ്മിൻസ് പിന്നീട് താരത്തെ കണക്കിന് ശിക്ഷിക്കുകയായിരുന്നു. അതുവരെ ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞിരുന്ന സാംസ് ഈ ഓവറിൽ വഴങ്ങിയ 35 റൺസ് ഉൾപ്പെടെ മൂന്നോവറിൽ 50 റൺസാണ് വഴങ്ങിയത്.
മുംബൈക്കെതിരെ നേടിയ തകർപ്പൻ ജയത്തോടെ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റോടെ കൊൽക്കത്ത പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം സീസണിലെ മൂന്നാം മത്സരത്തിലും ജയം നേടാൻ കഴിയാതെ പോയ മുംബൈ ഇന്ത്യൻസ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.