ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്ന മുംബൈ ഇന്ത്യൻസ് ഒരുങ്ങിത്തന്നെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. പരിക്ക് മൂലം ആദ്യത്തെ രണ്ട് മത്സരങ്ങൾ നഷ്ടമായ സൂര്യകുമാർ യാദവ് പ്ലെയിങ് ഇലവനിലേക്ക് മടങ്ങി എത്തി. സൂര്യകുമാറിനൊപ്പം 'ബേബി എ ബി' എന്ന വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കയുടെ യുവ താരം ഡെവാൾഡ് ബ്രെവിസും മുംബൈ നിരയിൽ സ്ഥാനം നേടി. ഐപിഎല്ലിൽ അരങ്ങേറ്റം മത്സരം കളിക്കാനാണ് ബ്രെവിസ് ഒരുങ്ങുന്നത്. അതേസമയം കൊൽക്കത്ത നിരയിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും റാസിഖ് സലാമും ഇടം നേടി.
advertisement
ഈ സീസണിലെ ആദ്യ ജയം തേടിയാണ് മുബൈ കൊൽക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഡല്‍ഹി ക്യാപിറ്റൽസിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോൽവി വഴങ്ങിയ മുംബൈ ഇന്ത്യന്‍സ് ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കൂടിയാണ് ഇന്ന് ഇറാകുന്നത്. ഇഷാന്‍ കിഷൻ, തിലക് വര്‍മ്മഎന്നിവരെ മാറ്റിനിർത്തിയാൽ മുംബൈ ബാറ്റിംഗ് നിരയിൽ ആർക്കും തന്നെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശര്‍മ്മ ഫോമിലേക്കെത്തിയിട്ടില്ല. ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനവും ആശാവഹമല്ല. ബൗളിങ്ങിൽ ബുംറയെ മാറ്റിനിർത്തിയാൽ കേവലം ശരാശരി മാത്രമാണ് മറ്റുള്ളവരുടെ പ്രകടനങ്ങൾ. വിദേശ ബൗളർമാരായ ഡാനിയൽ സാംസും ടൈമൽ മിൽസും താളം കണ്ടെത്തുന്നതേയുള്ളൂ. സ്പിൻ വിഭാഗത്തിൽ ഏക ഓപ്‌ഷനായ മുരുഗൻ അശ്വിൻ റൺ വഴങ്ങുന്നതിൽ കാണിക്കുന്ന ആർഭാടവും മുംബൈക്ക് തലവേദനയാണ്. മലയാളി താരം ബേസിൽ തമ്പിയും റൺ വഴങ്ങുന്നതിൽ മോശക്കാരനല്ല. മികച്ച ബാറ്റർമാരുള്ള കൊൽക്കത്തയെ പിടിച്ചുകെട്ടണമെങ്കിൽ മുംബൈ ബൗളർമാർ അവസരത്തിനൊത്ത് ഉയരുക തന്നെ വേണം.
മറുവശത്ത് കൊൽക്കത്ത കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാണ് എത്തുന്നതെങ്കിലും ബാറ്റിങ്ങിൽ അവർക്ക് പ്രശ്നങ്ങളുണ്ട്. രഹാനെ, വെങ്കടേഷ് അയ്യർ ഓപ്പണിങ് സഖ്യം പരാജയപ്പെടുന്നതും ,മധ്യനിരയുടെ സ്ഥിരതയില്ലായ്മയും അവർക്ക് തലവേദന സൃഷ്ടിക്കുന്നു. ബാറ്റിങ്ങിലെ പ്രശ്നം പക്ഷെ അവർക്ക് ബൗളിങ്ങിൽ ഇല്ല. തകർപ്പൻ ഫോമിൽ പന്തെറിയുകയും നിർണായക ഘട്ടത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിലും മിടുക്ക് കാണിക്കുന്ന ഉമേഷ് യാദവിന് പിന്തുണയായി സുനിൽ നരെയ്‌നും വരുൺ ചക്രവർത്തിയും മികച്ച പിന്തുണ നൽകുന്നു. പാകിസ്ഥാൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഓസീസ് ക്യാപ്റ്റനും പേസ് ബൗളറുമായ പാറ്റ് കമ്മിൻസിന്റെ ടീമിലേക്കുള്ള മടങ്ങിവരവ് കൊൽക്കത്തയുടെ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തും.
പ്ലെയിങ് ഇലവൻ:
മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), രോഹിത് ശർമ്മ(ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, കീറോൺ പൊള്ളാർഡ്, ഡാനിയൽ സാംസ്, ഡെവാൾഡ് ബ്രെവിസ്, മുരുകൻ അശ്വിൻ, ജസ്പ്രീത് ബുംറ, ടൈമൽ മിൽസ്, ബേസിൽ തമ്പി
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), സാം ബില്ലിംഗ്സ്(വിക്കറ്റ് കീപ്പർ), നിതീഷ് റാണ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുൺ ചക്രവർത്തി.