ക്യാപ്റ്റൻ ജഡേജയു൦ (9 പന്തിൽ 17), എം എസ് ധോണിയു൦ (6 പന്തിൽ 16) ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് ചെന്നൈയുടെ സ്കോർ 200 കടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍ റോബിന്‍ ഉത്തപ്പ നല്‍കിയത്. നേരിട്ട പന്തുകളിൽ മിക്കതും ബൗണ്ടറിയിലേക്ക് പായിച്ച താരം വരാൻ പോകുന്ന വെടിക്കെട്ടിന്റെ ചെറിയ സൂചനയാണ് നൽകിയത്. തകർപ്പൻ ഫോമിലാണെന്ന് തെളിയിച്ചുകൊണ്ട് താരം തകർത്തടിക്കുകയായിരുന്നു. എന്നാൽ മൂന്നാം ഓവറിൽ ചെന്നൈ സ്കോർ 28 ൽ നിൽക്കെ അനാവശ്യ റണ്ണിന് ശ്രമിച്ച് ഉത്തപ്പയുടെ സഹ ഓപ്പണറായ ഋതുരാജ് ഗെയ്ക്‌വാദ് റൺ ഔട്ടായി. രവി ബിഷ്‌ണോയിയാണ് താരത്തെ പുറത്താക്കിയത്.
advertisement
ഋതുരാജ് മടങ്ങിയതിന് ശേഷം വന്ന മൊയീൻ അലിയെ സാക്ഷിയാക്കിയായിരുന്നു ഉത്തപ്പയുടെ വെടിക്കെട്ട്. ആദ്യ അഞ്ചോവറിൽ തന്നെ ചെന്നൈ സ്കോർ 50 കടന്നു. ഇതിൽ 44 റൺസും ഒഴുകിയത് ഉത്തപ്പയുടെ ബാറ്റിൽ നിന്നായിരുന്നു. പവർപ്ലേ ഓവറുകളിൽ നിന്നും 73 റൺസാണ് ചെന്നൈ നേടിയത്. ക്രീസിൽ നിലയുറപ്പിച്ചതോടെ ഉത്തപ്പയ്‌ക്കൊപ്പം മൊയീൻ അലിയും ആക്രമണത്തിന്റെ കെട്ടഴിച്ചു. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് മുന്നേറിയ സഖ്യം ചെന്നൈ സ്കോർ വളരെ വേഗത്തിൽ ഉയർത്തുകയായിരുന്നു. പിന്നാലെ ഉത്തപ്പ ഐപിഎല്ലിലെ തന്റെ 26-ാം അർധസെഞ്ചുറി പൂർത്തിയാക്കി. 27 പന്തുകളിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് താരം അർധസെഞ്ചുറി നേടിയത്. എന്നാൽ അർധസെഞ്ചുറി നേടിയതിന് പിന്നാലെ തന്നെ ഉത്തപ്പ രവി ബിഷ്‌ണോയിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി ഉത്തപ്പ പുറത്തായി.
ശേഷമെത്തിയ ശിവം ദൂബെയും തകർത്തടിച്ചതോടെ ചെന്നൈ സ്കോർ 9.1 ഓവറിൽ തന്നെ 100 കടന്നു. പിന്നാലെ മൊയീൻ അലിയെ ബൗൾഡാക്കി ആവേശ് ഖാൻ ലക്നൗവിന് ബ്രേക്ത്രൂ നൽകി. 22 പന്തുകളില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 35 റൺസാണ് അലി നേടിയത്. അലി മടങ്ങിയിട്ടും ചെന്നൈയുടെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞില്ല. റായുഡുവിനെ കൂട്ടപിടിച്ച് ദൂബെ ചെന്നൈയുടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ദൂബെ ആയിരുന്നു കൂടുതൽ അപകടകാരി. നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തയർത്തിയ സഖ്യം വെറും 15.2 ഓവറില്‍ ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ബിഷ്‌ണോയിയുടെ പന്തിൽ ബൗൾഡായി റായുഡു പുറത്തായി. 20 പന്തുകളില്‍ നിന്ന് 27 റൺസ് നേടിയാണ് താരം മടങ്ങിയത്.
പിന്നീട് ക്രീസിലേക്കെത്തിയ ക്യാപ്റ്റൻ ജഡേജയെ കൂട്ടുപിടിച്ചായിരുന്നു ദൂബെയുടെ വെടിക്കെട്ട്. ഒടുവില്‍ 18-ാം ഓവറിലെ രണ്ടാം പന്തില്‍ അർഹിച്ച അര്‍ധസെഞ്ചുറിക്ക് ഒരു റൺ അകലെ താരം പുറത്താവുകയായിരുന്നു. 30 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 49 റൺസെടുത്ത താരത്തെ ആവേശ് ഖാൻ എവിൻ ലൂയിസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നാലെ ക്രീസിൽ എത്തിയ ധോണി നേരിട്ട ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ഫോറിനും പറത്തി വരവറിയിച്ചു. 19.1 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. അവസാന ഓവറിൽ ജഡേജയേയും (9 പന്തിൽ 17), ഡ്വെയ്ൻ പ്രിട്ടോറിയസിനെയും (0) മടക്കി ആൻഡ്രൂ ടൈ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി ധോണി ചെന്നൈയുടെ സ്കോർ 210 ൽ എത്തിച്ചു. ധോണി (6 പന്തിൽ 16), ബ്രാവോ (1) എന്നിവർ പുറത്താകാതെ നിന്നു.
ലക്നൗവിന് വേണ്ടി ആവേശ് ഖാന്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.