വിൻഡീസ് താരം എവിൻ ലൂയിസിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് (23 പന്തിൽ 55) ചെന്നൈയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ലക്നൗവിന് ജയം നേടിക്കൊടുത്തത്. ക്യാപ്റ്റൻ കെ എൽ രാഹുൽ (26 പന്തിൽ 40), ക്വിന്റൺ ഡീ കോക്ക് (45 പന്തിൽ 61) എന്നിവരും ലക്‌നൗവിനായി മികച്ച പ്രകടനം നടത്തി. ഒമ്പത് പന്തിൽ 19 റൺസ് നേടി ആയുഷ് ബദോനി അവസാന ഓവറുകളിൽ ലൂയിസിന് കൂട്ടായി.
ചെന്നൈക്കായി ബൗളിങ്ങിൽ ഡ്വെയ്ൻ പ്രിട്ടോറിയസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
advertisement
സ്കോർ : ചെന്നൈ സൂപ്പർ കിങ്‌സ് - 20 ഓവറിൽ 210/7; ലക്നൗ സൂപ്പർ ജയൻറ്സ് - 19.3 ഓവറിൽ 211/4
ശിവം ദൂബെ എറിഞ്ഞ 19-ാ൦ ഓവറാണ് കളിയുടെ ഗതി തിരിച്ചത്. ദൂബെയുടെ ഈ ഓവറിൽ രണ്ട് സിക്‌സും മൂന്ന് ഫോറുമുൾപ്പെടെ 25 റൺസാണ് ലക്നൗ അടിച്ചെടുത്തത്. അതുവരെ ചെന്നൈയുടെ കയ്യിലായിരുന്ന കളി ഈ ഒരൊറ്റ ഓവറിലൂടെ അവരുടെ കൈകളിൽ നിന്നും വഴുതിപ്പോവുകയായിരുന്നു. നേരത്തെ ബാറ്റിങ്ങിൽ വെടിക്കെട്ട് പ്രകടനത്തോടെ ചെന്നൈയുടെ ഹീറോ ആയി മാറിയ ദൂബെ ബൗളിങ്ങിൽ ചെന്നൈയുടെ വില്ലനായി മാറുന്ന കാഴ്ചയാണ് കണ്ടത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ റോബിൻ ഉത്തപ്പയുടെയും (27 പന്തിൽ 50) ശിവം ദൂബെയുടെയും (30 പന്തിൽ 49) അവസാന ഓവറുകളിലെ ക്യാപ്റ്റൻ ജഡേജയുടെയും (9 പന്തിൽ 17), എം എസ് ധോണിയുടെയും (6 പന്തിൽ 16) വെടിക്കെട്ട് പ്രകടനങ്ങളുടെ ബലത്തിലാണ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തത്.
ലക്നൗവിന് വേണ്ടി ബൗളിങ്ങിൽ ആവേശ് ഖാന്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

