34 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. ക്യാപ്റ്റന്‍ റിഷഭ് പന്ത് 39 റണ്‍സും സര്‍ഫറാസ് ഖാന്‍ 36 റണ്‍സും നേടി പുറത്താകാതെ നിന്നു. ലക്‌നൗവിനായി രവി ബിഷ്‌നോയ് രണ്ടും കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും വീഴ്ത്തി.
തുടക്കത്തില്‍ ഡേവിഡ് വാര്‍ണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ ആയിരുന്നു ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സിക്‌സും ഫോറുമടിച്ച് പൃഥ്വി ഷാ പവര്‍ പ്ലേ പവറാക്കി. ആവേശ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ചാണ് പൃഥ്വി കരുത്തുകാട്ടിയത്. ഇതോടെ അഞ്ചാം ഓവറില്‍ തന്നെ രവി ബിഷ്‌ണോയിയെ ലക്നൗ നായകന്‍ കെ എല്‍ രാഹുല്‍ രംഗത്തിറക്കിയെങ്കിലും ബിഷ്‌ണോയിയെും പൃഥ്വി ബൗണ്ടറി കടത്തി.
പവര്‍ പ്ലേക്ക് പിന്നാലെ പൃഥ്വി ഷായെ കെ ഗൗതമും ഡേവിഡ് വാര്‍ണറെയും (12 പന്തില്‍ 4), റൊവ്മാന്‍ പവലിനെയും(10 പന്തില്‍ 3) രവി ബിഷ്‌ണോയിയും മടക്കിയതോടെ ഡല്‍ഹി മെല്ലെപ്പോക്കിലായി. തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധിച്ചു കളിച്ച റിഷഭ് പന്ത് പതിനാറാം ഓവറിനുശേഷം നടത്തിയ കടന്നാക്രമണത്തിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
നേരത്തെ ടോസ് നേടിയ ലക്നൗ ക്യാപ്റ്റന്‍ കെ. എല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഡല്‍ഹി ഇന്നിറങ്ങിയത്. ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ടീമില്‍ കളിക്കുന്നുണ്ട്. പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയ ഖലീല്‍ അഹമ്മദിന് പകരം ഡല്‍ഹി ടീമിലെത്തി. മന്‍ദീപിന് പകരം സര്‍ഫ്രാസ് ഖാനും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. ലക്നൗ ടീമില്‍ മനീഷ് പാണ്ഡേയ്ക്ക് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി.