64 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 96 റണ്‍സ് നേടി അവസാന ഓവറിലാണ് ഡു പ്ലെസി പുറത്തായത്. വിരാട് കോഹ്ലി നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍സൊന്നും നേടാതെ മടങ്ങി. ഷഹബാസ് അഹമ്മദും(26) ഗ്ലെന്‍ മാക്‌സ്വെല്ലും(23) ഡു പ്ലെസിക്ക് മികച്ച പിന്തുണ നല്‍കി. ലക്നൗവിനായി ദുഷ്മന്ത ചമീര, ജെയ്‌സണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അനുജ് റാവത്തിനെ(4) നഷ്ടമായ ബാംഗ്ലൂരിന് തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി(0)യെയും നഷ്ടമായി. ചമീരയുടെ ഇരട്ടപ്രഹരത്തിനു മുന്നില്‍ പതറിയ ബാംഗ്ലൂരിന് പവര്‍ പ്ലേ പിന്നിടും മുമ്പെ തകര്‍പ്പന്‍ തുടക്കമിട്ട ഗ്ലെന്‍ മാക്‌സ്വെല്ലിനെയും(11 പന്തില്‍ 23) നഷ്ടമായി. പവര്‍പ്ലേക്ക് പിന്നാലെ സുയാഷ് പ്രഭുദേശായിയെ(10) കൂടി നഷ്ടമായതോടെ 62-4 എന്ന നിലയില്‍ തകര്‍ന്ന ബാംഗ്ലൂരിനെ ഡു പ്ലെസിയും ഷഹബാസും ചേര്‍ന്നാണ് 100 കടത്തിയത്.
40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡൂപ്ലെസി 12-ാം ഓവറിലാണ് ബാംഗ്ലൂരിനെ 100 കടത്തിയത്. പതിനാറാം ഓവറില്‍ ഷഹബാസും (26) മടങ്ങി. പൊരുതി നിന്ന ഡു പ്ലെസി അവസാന ഓവറില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് നാലു റണ്‍സകലെ ഹോള്‍ഡറുടെ പന്തില്‍ സ്റ്റോയ്‌നിസിന് ക്യാച്ച് നല്‍കി മടങ്ങി. 8 പന്തില്‍ 13 റണ്‍സുമായി ദിനേശ് കാര്‍ത്തിക് ഒരിക്കല്‍ കൂടി പുറത്താകാതെ നിന്നപ്പോള്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു(0) മറുവശത്ത്.
ടോസ് നേടിയ ലക്നൗ നായകന്‍ കെ.എല്‍ രാഹുല്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനെയാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിക്കൊണ്ടാണ് ഇരു ടീമും ഇന്നിറങ്ങിയത്.