28 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 42 റണ്‍സ് നേടിയ ക്രൂണല്‍ പാണ്ഡ്യയാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 30 റണ്‍സ് നേടി. നേരത്തെ 96 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്റുമായി ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാംഗ്ലൂരിന്റെ മുന്നേറ്റം. തോല്‍വിയോടെ മൂന്നാം സ്ഥാനത്തായിരുന്ന ലക്നൗ നാലാം സ്ഥാനത്തേക്ക് വീണു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ബാംഗ്ലൂരിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
64 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 96 റണ്‍സ് നേടി അവസാന ഓവറിലാണ് ഡു പ്ലെസി പുറത്തായത്. വിരാട് കോഹ്ലി നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍സൊന്നും നേടാതെ മടങ്ങി. ഷഹബാസ് അഹമ്മദും(26) ഗ്ലെന്‍ മാക്‌സ്വെല്ലും(23) ഡു പ്ലെസിക്ക് മികച്ച പിന്തുണ നല്‍കി. ലക്നൗവിനായി ദുഷ്മന്ത ചമീര, ജെയ്‌സണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.