മുംബൈക്കായി സൂര്യകുമാര്‍ യാദവ് 21 പന്തില്‍ 32 റണ്‍സ് നേടി. മൂന്ന് വമ്പന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് ചൗധരിയാണ് മുംബൈ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ക്രിസ് ജോര്‍ദാന്‍, മോയീന്‍ അലി എന്നിവര്‍ക്ക് പകരം ഡ്വെയ്ന്‍ പ്രെടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ടീമിലെത്തി. മുംബൈ ഇന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡാനിയല്‍ സാംസ്, റിലെ മെറിഡെത്ത്, ഹൃതിക് ഷോഖീന്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം പിടിച്ചു.
നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ രോഹിത് ശര്‍മയുടെ മുംബൈയ്ക്കു ഈ കളി ജയിച്ചേ തീരൂ. തോറ്റാല്‍ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി മുംബൈ മാറും. സീസണില്‍ ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും മുംബൈ തോറ്റു കഴിഞ്ഞു.
മറുഭാഗത്ത് രവീന്ദ്ര ജഡേജ നയിക്കുന്ന സിഎസ്‌കെയുടെ സ്ഥിതിയും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ഇത്തവണ കളിച്ച ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ മുംബൈയോടു പരാജയപ്പെട്ടാല്‍ സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ക്കും മങ്ങലേല്‍ക്കും.
മുംബൈ- ചെന്നൈ പോരാട്ടങ്ങളുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ മുന്‍തൂക്കം മുംബൈയ്ക്കാണ്. 19 മല്‍സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ 13 കളികളില്‍ സിഎസ്‌കെയും ജയിച്ചുകയറുകയായിരുന്നു.