18ആം ഓവറാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഡാനിയേല്‍ സാംസിന്റെ ഈ ഓവറില്‍ 24 റണ്‍സാണ് അക്സര്‍- ലളിത് സഖ്യം അടിച്ചെടുത്തത്. മുംബൈക്കായി മലയാളി താരം ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിരുന്നു.
തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണത് ഡല്‍ഹിക്ക് തുടക്കത്തില്‍ തിരിച്ചടിയായി. സീഫര്‍ടിന്റെ മികച്ച സ്‌ട്രൈക്കുകളുടെ ബലത്തില്‍ 3 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 30 റണ്‍സ് കടന്നിരുന്നു. എന്നാല്‍ മുരുഗന്‍ അശ്വിന്‍ എത്തി തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കളിയുടെ ഗതി മാറ്റി. സീഫര്‍ട് (21), മന്ദീപ് (0) എന്നിവരാണ് അശ്വിന്റെ മുന്നില്‍ മുട്ടുമടക്കിയത്. പിന്നാലെ ഒരു റണ്‍സ് മാത്രം എടുത്ത് ക്യാപ്റ്റന്‍ പന്തും പുറത്തായി. പിന്നീട് പൃഥ്വി ഷായും ലളിത് യാദവും ചേര്‍ന്ന് പതിയെ ഡല്‍ഹിയെ മുന്നോട്ട് നയിച്ചു.
പിന്നീട് ഡല്‍ഹിയുടെ മധ്യനിര ബേസില്‍ തകര്‍ത്തു. ഓപ്പണര്‍ പൃഥ്വിയേയും ബേസില്‍ കൂടാരം കയറ്റി. പൃഥ്വിയെയാണ് (38) ബേസില്‍ ആദ്യം മടക്കിയത്. ബേസിലിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് ഷാ മടങ്ങുന്നത്. രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ റോവ്മാന്‍ പവലിനേയും (0) ബേസില്‍ മടക്കിയയച്ചു. ഇത്തവണ ഡാനിയേല്‍ സാംസിന് ക്യാച്ച്. പുള്‍ ഷോട്ടിലാണ് പവലും മടങ്ങുന്നത്. ഠാക്കൂറിനെ (22) ബേസില്‍ രോഹിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
ഇതോടെ 13.2 ഓവറില്‍ ആറിന് 104 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ലളിത്- അക്സര്‍ സഖ്യം 75 റണ്‍സ് സഖ്യം കൂട്ടിച്ചേര്‍ത്തു. കൂടെ വിജയവും.
നേരത്തെ, 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (41) മികച്ച പ്രകടനം പുറത്തെടുത്തു. കുല്‍ദീപ് യാദവ് ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

