ഡൽഹി ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. ടിം ഡേവിഡ് (11 പന്തില്‍ 34), തിലക് വർമ (17 പന്തില്‍ 21) എന്നിവരുടെ വെടിക്കെട്ട് പ്രകടങ്ങളാണ് മുംബൈക്ക് ജയം നേടിക്കൊടുത്തത്. ഇഷാൻ കിഷൻ (35 പന്തില്‍ 48), ഡെവാൾഡ് ബ്രെവിസ് (33 പന്തില്‍ 37) എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി.
ഡൽഹിക്കായി ബൗളിങ്ങിൽ ആൻറിച്ച് നോർക്യ, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
ഡൽഹി ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ കരുതലോടെയാണ് തുടങ്ങിയത്. ഇഷാൻ കിഷൻ പതിയെ താളം കണ്ടെത്തിയപ്പോൾ മറുവശത്ത് രോഹിത് ശർമ ക്രീസിൽ പാടുപെടുകയായിരുന്നു. ഇഷാൻ കിഷൻ മുംബൈയുടെ സ്കോർ മുന്നോട്ട് നീക്കവേ രോഹിതിനെ മടക്കി ആൻറിച്ച് നോർക്യ മുംബൈക്ക് ആദ്യ പ്രഹരം നൽകി. 13 പന്തുകൾ നേരിട്ട മുംബൈ ക്യാപ്റ്റൻ കേവലം രണ്ട് റൺസ് മാത്രം നേടിയാണ് മടങ്ങിയത്.
രോഹിത് മടങ്ങിയ ശേഷം ക്രീസിൽ ഒന്നിച്ച ഇഷാൻ കിഷനും ഡെവാൾഡ് ബ്രെവിസും മുംബൈ സ്കോർ മുന്നോട്ട് നയിച്ചു. ഇരുവരും മികച്ച രീതിയിൽ മുന്നേറിയതോടെ മുംബൈയുടെ സ്കോർബോർഡിലേക്ക് റൺസ് വേഗത്തിലെത്താൻ തുടങ്ങി. ക്രീസിൽ നിലയുറപ്പിച്ചതോടെ ആത്മവിശ്വാസത്തിലായ ഇഷാൻ കിഷൻ തകർത്തടിക്കാൻ തുടങ്ങി. മറുവശത്ത് ബ്രെവിസും പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്.
12-ാം ഓവറില്‍ കുല്‍ദീപിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ഇഷാന്‍ വാര്‍ണറുടെ കൈകളിലൊതുങ്ങി. ഈ ഓവറിൽ തന്നെ ബ്രെവിസ് നൽകിയ ക്യാച്ച് ഋഷഭ് പന്ത് നിലത്തിട്ടത് വഴിത്തിരിവായി. ലഭിച്ച അവസരം പൂർണമായി മുതലാക്കാൻ താരത്തിനായില്ലെങ്കിലും ടീം സ്കോറിലേക്ക് നിർണായക സംഭാവന നൽകിയ താരം 15-ാം ഓവറില്‍ ഠാക്കൂറിന്‍റെ പന്തില്‍ ബൗള്‍ഡായാണ് പുറത്തായത്.
ബ്രെവിസ് പുറത്താകുമ്പോൾ മുംബൈ 14.3 ഓവറിൽ 95 ന് മൂന്ന് എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റിൽ തിലക് വർമയ്‌ക്കൊപ്പം ടിം ഡേവിഡ് ഒന്നിച്ചതോടെയാണ് കളി തിരിഞ്ഞത്. തകർപ്പനടികളുമായി ഡേവിഡ് കളം നിറഞ്ഞപ്പോൾ തിലകും ഒപ്പം കൂടി. ഇതോടെ അവസാന മൂന്ന് ഓവറിൽ നിന്നും 29 റൺസ് എന്ന നിലയിലേക്ക് ലക്ഷ്യം ചുരുക്കിയെടുക്കാൻ മുംബൈക്ക് കഴിഞ്ഞു. ശാർദുൽ ഠാക്കൂർ എറിഞ്ഞ 17-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുമായി കളംനിറഞ്ഞ സിംഗപ്പൂർ താരം ഠാക്കൂറിന് തന്നെ വിക്കറ്റ് നൽകി മടങ്ങിയെങ്കിലും അത് മുംബൈയെ ബാധിച്ചില്ല. മറുവശത്ത് സ്കോർ ഉയർത്തുന്നതിൽ തിലക് വിജയിച്ചതോടെ അവസാന 12 പന്തില്‍ 14 റണ്‍സ് മാത്രമായി വിജയലക്ഷ്യം. 19-ാ൦ ഓവറിന്റെ അഞ്ചാം പന്തിൽ തിലക് വര്‍മ പുറത്തായെങ്കിലും അപ്പോഴേക്കും മുംബൈ ജയത്തിന് അഞ്ച് റൺസ് മാത്രം അകലത്തിലായിരുന്നു.
അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയുമായി രമണ്‍ദീപ് (13*) മുംബൈക്ക് ജയവും ഡൽഹിക്ക് പ്ലേഓഫിൽ നിന്നും പുറത്തേക്കുള്ള വഴിയും കാണിച്ചു. റൺ ഒന്നുമെടുക്കാതെ ഡാനിയേല്‍ സാംസ് പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് എടുത്തത്. 34 പന്തില്‍ 43 റണ്‍സെടുത്ത പവലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ക്യാപ്റ്റന്‍ ഋഷഭ് പന്ത് (33 പന്തില്‍ 39), പൃഥ്വി ഷാ (23 പന്തില്‍ 24), അക്ഷർ പട്ടേൽ (10 പന്തില്‍ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മുംബൈക്കായി ബൗളിങ്ങിൽ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.