അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇതിനോടകം പുറത്തായിക്കഴിഞ്ഞു. അവസാന സ്ഥാനത്താണ് രോഹിതും സംഘവും. അതേ സമയം ഗുജറാത്ത് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. 10 മത്സരത്തില്‍ നിന്ന് 16 പോയിന്റുള്ള ഗുജറാത്ത് മുംബൈയെ തോല്‍പ്പിച്ച് 18 പോയിന്റ് എന്ന സേഫ് ലൈന്‍ പിന്നിടാമെന്ന പ്രതീക്ഷയിലാണ്.
ഗുജറാത്ത് നായകന്‍ ഹാര്‍ദിക് അവസാന സീസണ്‍ വരെ മുംബൈയുടെ ഭാഗമായിരുന്നു. തന്നെ വളര്‍ത്തിയ ടീമിനെതിരേ ഈ സീസണില്‍ ആദ്യമായാണ് ഹാര്‍ദിക് കളിക്കാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ പോരാട്ടത്തിന് ആവേശം കൂടും. ഈ സീസണില്‍ ഗുജറാത്ത് പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരേ മാത്രമാണ്.
മുംബൈ ഇന്ത്യന്‍സിന്റെ കാര്യമെടുത്താല്‍ ഇത്രയും മോശം സീസണ്‍ ഇതിനുമുമ്പ് അവര്‍ക്കുണ്ടായിട്ടില്ല. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും മുംബൈയ്ക്കു തോല്‍വി വഴങ്ങേണ്ടിവന്നു. ഇതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷയും മങ്ങി. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആശ്വാസ ജയം നേടാന്‍ മുംബൈക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ വിജയം തുടരാമെന്ന പ്രതീക്ഷയിലാണ് മുംബൈ.