47 പന്തില്‍ ആറ് സിക്‌സും രണ്ട് ഫോറും സഹിതമാണ് അനുജ് റാവത്ത് 66 റണ്‍സ് നേടിയത്. 36 പന്തില്‍ അഞ്ച് ഫോറുകള്‍ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. ഈ സീസണില്‍ മുംബൈയുടെ നാലാം തോല്‍വിയാണിത്. തോല്‍വിയോടെ മുംബൈ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ നാലു കളികളില്‍ മൂന്നാം ജയവുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബാംഗ്ലൂരിന് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി- അനുജ് റാവത്ത് ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 8.1 ഓവറില്‍ 50 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 24 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഡുപ്ലെസിയെ മടക്കി ജയ്‌ദേവ് ഉനദ്ഘട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ക്രീസില്‍ ഒന്നിച്ച കോഹ്ലി- റാവത്ത് സഖ്യം മുംബൈയില്‍ നിന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇരുവരും പുറത്തായ ശേഷം ദിനേഷ് കാര്‍ത്തിക്കും (7*) ഗ്ലെന്‍ മാക്‌സ്വെല്ലും (8*) ചേര്‍ന്ന് ബാംഗ്ലൂരിന് ജയമൊരുക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. പുറത്താകാതെ 68 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.
37 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. ബാംഗ്ലൂരിനായി വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.