59 പന്തില്‍ 96 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. ഗുജറാത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. പഞ്ചാബിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു.
ഒഡീന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സും അവസാന രണ്ട് പന്തില്‍ 12 റണ്‍സുമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. ബൈ റണ്ണിനോടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ജോണി ബെയര്‍സ്റ്റോ റണ്ണൗട്ടാക്കി. രണ്ടാം പന്തില്‍ രാഹുല്‍ തെവാത്തിയ സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍ ബൗണ്ടറിയടിച്ചു. നാലാം പന്തില്‍ വീണ്ടും സിംഗിളെടുത്തു. അഞ്ചാം പന്തില്‍ തെവാത്തിയയുടെ സിക്‌സര്‍. ലക്ഷ്യം ഒരു പന്തില്‍ ആറ് റണ്‍സ്. അവസാന പന്തും സിക്‌സിന് പറത്തി തെവാത്തിയ ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചു.
നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. അര്‍ഷദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ ഗില്‍ ഒരുപടി കൂടി കടന്ന് മൂന്ന് ബൗണ്ടറി അടിച്ചു. എന്നാല്‍ നാലാം ഓവറില്‍ മാത്യു വെയ്ഡിനെ(6) വീഴ്ത്തി കാഗിസോ റബാഡ ഗുജറാത്തിന് ആദ്യ തിരിച്ചടി നല്‍കി. വിക്കറ്റ് വീണെങ്കിലും അടി തുടര്‍ന്ന ഗില്ലിനൊപ്പം സുദര്‍ശന്‍ കൂടി ചേര്‍ന്നതോടെ ഗുജറാത്ത് പവര്‍ പ്ലേയില്‍ 50 കടന്നു. 29 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഗില്‍ പതിനൊന്നാം ഓവറില്‍ ഗുജറാത്തിനെ 100 കടത്തി.
പതിനഞ്ചാം ഓവറില്‍ സായ് സുദര്‍ശന്‍(30 പന്തില്‍ 35) പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം ടീമിനെ ജയത്തിനടുത്ത് എത്തിച്ചാണ് ഗില്‍ മടങ്ങിയത്. 11 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. രാഹുല്‍ തെവാത്തിയ മൂന്ന് പന്തില്‍ 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ നാലു പന്തില്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റണ്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. 27 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റും അരങ്ങേറ്റ താരം ദര്‍ശന്‍ നാല്‍കണ്ടെ രണ്ട് വിക്കറ്റും വീഴ്ത്തി.