ബോളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ലക്‌നൗവിന് വിജയം സമ്മാനിച്ചത്. ലക്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി. ദുഷ്മന്ത ചമീര നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. രവി ബിഷ്‌ണോയിക്ക് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി.
വിജയത്തോടെ ഒന്‍പതു കളികളില്‍നിന്ന് 12 പോയിന്റുമായി ലക്‌നൗ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒന്‍പതു മത്സരങ്ങളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ പഞ്ചാബ് കിങ്‌സ് ഏഴാം സ്ഥാനത്ത് തുടരുന്നു.
28 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 32 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മയാങ്ക് അഗര്‍വാള്‍ 17 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സെടുത്തു. ഇവര്‍ക്കു പുറമേ രണ്ടക്കം കണ്ടത് ലിയാം ലിവിങ്സ്റ്റണ്‍ (16 പന്തില്‍ 18), റിഷി ധവാന്‍ (22 പന്തില്‍ പുറത്താകാതെ 21) എന്നിവര്‍ മാത്രമാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കാഗിസോ റബാട പഞ്ചാബിനായി തിളങ്ങി. 46 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്ക് ആണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ 28 പന്തില്‍ 34 റണ്‍സ് നേടി. പഞ്ചാബിനായി രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റും, സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി.