ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിർത്താനും രാജസ്ഥാന് കഴിഞ്ഞു. ജയത്തോടെ 14 പോയിന്റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
പഞ്ചാബ് ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് ഒരിടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അർധസെഞ്ചുറി പ്രകടനമാണ് കരുത്തേകിയത്. 41 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 68 റൺസ് നേടിയ താരമാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ജയത്തിലേക്ക് അടിത്തറയിട്ട് ജയ്‌സ്വാൾ മടങ്ങിയപ്പോൾ അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തി ഷിംറോൺ ഹെറ്റ്മയറാണ് (16 പന്തിൽ 31) രാജസ്ഥാന് ജയമൊരുക്കിയത്.
advertisement
ജോസ് ബട്ട്‌ലര്‍ (16 പന്തില്‍ 30), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (12 പന്തില്‍ 23), ദേവ്ദത്ത് പടിക്കല്‍ (32 പന്തില്‍ 31) എന്നിവരും രാജസ്ഥാന് വേണ്ടി തിളങ്ങി.
മികച്ച തുടക്കം നേടിയ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായി ഇടയ്ക്ക് പ്രതിരോധത്തിലായ രാജസ്ഥാനെ ഹെറ്റ്മയറുടെ പ്രകടനമാണ് ജയത്തിലേക്ക് നയിച്ചത്. 16 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് സിക്‌സും സഹിതമാണ് ഹെറ്റ്മയറാണ് 31 റൺസ് എടുത്തത്.
നാലോവറിൽ 50 റൺസ് വഴങ്ങിയ റബാഡയുടെ നിറം മങ്ങിയ പ്രകടനമാണ് പഞ്ചാബിന്റെ തോൽവിക്ക് കാരണമായത്. നാലോവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത അർഷദീപ് സിങ് പഞ്ചാബിനായി ബൗളിങ്ങിൽ തിളങ്ങി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് എടുത്തത്. അർധസെഞ്ചുറി നേടിയ ജോണി ബെയർസ്‌റ്റോ (40 പന്തിൽ 56), അവസാന ഓവറുകളിൽ തകർത്തടിച്ച ജിതേഷ് ശർമ (18 പന്തിൽ 38*) എന്നിവരുടെ പ്രകടനങ്ങളാണ് പഞ്ചാബിന് മികച്ച സ്കോർ നൽകിയത്. ലിയാം ലിവിങ്സ്റ്റൺ (14 പന്തിൽ 22), ഭാനുക രാജപക്സ (18 പന്തിൽ 27) എന്നിവരും പഞ്ചാബിനായി തിളങ്ങി.
മൂന്ന് വിക്കറ്റുകൾ വീഴ്ത്തി യുസ്‌വേന്ദ്ര ചാഹൽ രാജസ്ഥാന് വേണ്ടി ബൗളിങ്ങിൽ തിളങ്ങി.