10 മത്സരങ്ങളിൽ നിന്നും ആറ് ജയവും നാല് തോൽവിയുമായി 12 പോയിന്റോടെ ലീഗിൽ മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ. അതേസമയം, 10 മത്സരങ്ങളിൽ അഞ്ച് വീതം ജയവും തോൽവിയുമായി പഞ്ചാബ് ഏഴാമതാണ് നിൽക്കുന്നത്. പ്ലേഓഫ് യോഗ്യതയ്ക്കായുള്ള പോരാട്ടം കടുപ്പമേറിക്കൊണ്ടിരിക്കെ ഇന്നത്തെ മത്സരത്തിൽ വിജയം നേടാനാകും ഇരു ടീമുകളും ലക്ഷ്യമിടുന്നത്. തുടരെ രണ്ട് മത്സരങ്ങൾ തോറ്റതിന്റെ ക്ഷീണത്തിലാണ് രാജസ്ഥാൻ ഇറങ്ങുന്നതെങ്കിൽ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്.
ബൗളർമാർ മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഇരു ടീമുകളും നേരിടുന്ന പ്രധാന പ്രശ്നം. സീസണിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയിരുന്ന ജോസ് ബട്ലർ നിറം മങ്ങിയതോടെയാണ് രാജസ്ഥാന് ബാറ്റിങ്ങിൽ തലവേദന തുടങ്ങിയത്. ബട്ലർ നൽകിയിരുന്ന തുടക്കം മുതലെടുത്ത് കൂറ്റൻ സ്‌കോറുകൾ നേടിയിരുന്ന രാജസ്ഥാന് താരം നിറം മങ്ങിയതോടെ വമ്പൻ സ്‌കോറുകൾ കുറിക്കാൻ കഴിയാതെ വരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പഞ്ചാബിനെതിരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍ (Sanju Samson) ഇന്ന് തിളങ്ങുമെന്നാണ് പ്രതീക്ഷ.
advertisement
മറുവശത്ത് ശിഖർ ധവാനെ ഒഴിച്ചുനിർത്തിയാൽ ടീമിലെ വമ്പൻ സ്രാവുകളായ ജോണി ബെയർസ്‌റ്റോയും ലിയാം ലിവിങ്‌സ്റ്റണുമൊക്കെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് നടത്തുന്നത്. ലിവിങ്സ്റ്റൺ അൽപ൦ ഭേദമാണെങ്കിലും ബെയർസ്‌റ്റോ പാടെ പരാജയമായി മാറിയിരിക്കുകയാണ്. ബൗളിങ്ങിൽ റബാഡയും അർദീപും മികച്ച ഒരു കൂട്ടുകെട്ടായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവരോടൊപ്പം ഋഷി ധവാനും സന്ദീപ് ശർമയും ടീമിന് മികച്ച സംഭാവനകൾ നൽകുന്നുണ്ട്.
പഞ്ചാബ് കിംഗ്‌സ്: ജോണി ബെയർസ്റ്റോ, ശിഖർ ധവാൻ, മായങ്ക് അഗർവാൾ(ക്യാപ്റ്റൻ), ഭാനുക രാജപക്‌സെ, ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ(വിക്കറ്റ് കീപ്പർ), ഋഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്, സന്ദീപ് ശർമ്മ
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലർ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ഷിംറോൺ ഹെറ്റ്‌മയർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് സെൻ