കഴിഞ്ഞ സീസണിൽ കിരീടം നേടിയ ചെന്നൈ ഇത്തവണ തീർത്തും നിറമങ്ങുകയാണുണ്ടായത്. കളിച്ച എട്ട് മത്സരങ്ങളിൽ കേവലം രണ്ടെണ്ണത്തില്‍ മാത്രമാണ് അവർക്ക് ഇതുവരെ ജയിക്കാനായത്. ശേഷിക്കുന്ന ആറ് മത്സരങ്ങളിലും ജയിച്ചാലും മറ്റുള്ള ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചാകും അവരുടെ പ്ലേ ഓഫ് പ്രവേശനം.
അതേസമയം, ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും നിറം മങ്ങിയതാണ് സീസണിനിടയിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വീണ്ടും ധോണിയെ ഏല്‍പ്പിക്കാന്‍ ചെന്നൈയെ പ്രേരിപ്പിച്ചത്. ഈ സീസണാദ്യമാണ് ധോണി ചെന്നൈ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ജഡേജക്ക് കൈമാറിയത്.
advertisement
ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനായിരുന്നു രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു. ജഡേജ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നെങ്കിലും കളത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തിരുന്നത് ധോണി തന്നെയായിരുന്നു.
'തല'യുഗം വീണ്ടും
2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ ക്യാപ്റ്റൻ ആയിരുന്നു ധോണി. ഇടക്കാലത്ത് (2016,2017) വാതുവയ്പ് മൂലം വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ടീമിനായി കളിച്ചതും അവിടെ ക്യാപ്റ്റൻ ആയതും. എന്നാൽ 2018ൽ വിലക്ക് മാറിയെത്തിയ ചെന്നൈയുടെ ക്യാപ്റ്റനായി ധോണി വീണ്ടും തിരിച്ചെത്തി. പിന്നീട് ഈ സീസണിനാദ്യം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധോണി ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ജഡേജയ്ക്ക് കൈമാറുകയായിരുന്നു. എന്നാൽ ജഡേജയ്ക്ക് തൽസ്ഥാനത്ത് കാര്യമായി തിളങ്ങാൻ കഴിയാതെ വന്നതോടെ ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
ചെന്നൈയെ നാല് തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശർമയ്ക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ക്യാപ്റ്റനുമാണ്. സീസണിൽ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുടെ ആദ്യ മത്സരം ഞായറാഴ്ച സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ആയിരിക്കും. തുടർതോൽവികൾ ഏറ്റുവാങ്ങി പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിലേക്ക് വീണെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകൾ ഇനിയും അസ്തമിച്ചിട്ടില്ലാത്ത ചെന്നൈക്ക്. അതേസമയം, തുടക്കത്തിലെ തിരിച്ചടികളെ മറികടന്ന് മിന്നും ഫോമിൽ കുതിക്കുന്ന ഹൈദരാബാദിന്റെ വെല്ലുവിളി എങ്ങനെ നേരിടുകയെന്ന് കാണേണ്ടതാണ്.