25 റൺസ് എടുത്ത റസലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), അജിങ്ക്യ രഹാനെ (9), സുനില്‍ നരെയ്ന്‍(12), വെങ്കടേഷ് അയ്യർ (10) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. ബാംഗ്ലൂരിനായി വാനിന്ദു ഹസരംഗ നാല് വിക്കറ്റ് വീഴ്ത്തി. നാലോവറിൽ കേവലം 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും ബൗളിങ്ങിൽ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ ബാംഗ്ലൂർ ബൗളർമാർ തിരിച്ചടി നൽകി. അപകടകാരിയായ വെങ്കടേഷ് അയ്യരെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ മടക്കി ആകാശ് ദീപാണ് കൊൽക്കത്തയെ ഞെട്ടിച്ചത്. 14 പന്തുകളില്‍ നിന്ന് 10 റണ്‍സെടുത്ത താരത്തെ ആകാശ് ദീപ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നാലെ അജിങ്ക്യ രഹാനയെ മടക്കി സിറാജ് കൊൽക്കത്തയ്ക്ക് വീണ്ടും പ്രഹരമേൽപ്പിച്ചു. 10 പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്ര൦ നേടിയ രഹാനെയെ സിറാജ് ഷഹബാസ് അഹമ്മദിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
advertisement
ക്രീസിൽ എത്തിയ ശ്രേയസ് അയ്യരും നിതീഷ് റാണയും ബൗണ്ടറികൾ നേടിയാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ അവരും മടങ്ങി. ആകാശ് ദീപിന്റെ പന്തിൽ ഡേവിഡ് വില്ലിയുടെ ഒരു തകർപ്പൻ ക്യാച്ചിൽ റാണ പുറത്തായപ്പോൾ ഹസരംഗയുടെ പന്തിൽ ഡുപ്ലെസിക്ക് ക്യാച്ച് നൽകി ശ്രേയസ് അയ്യരും പുറത്തായി.
പിന്നീട് ക്രീസിൽ ഒന്നിച്ച സുനിൽ നരെയ്നും സാം ബില്ലിങ്‌സും ചേർന്ന് കൊൽക്കത്തയുടെ സ്കോർ 50 കടത്തി. എന്നാൽ ബാംഗ്ലൂർ ക്യാപ്റ്റൻ ഡുപ്ലെസി ഹസരംഗയെ വീണ്ടും പന്തെറിയാൻ ഏൽപ്പിച്ചു. ക്യാപ്റ്റൻ തന്നിലർപ്പിച്ച വിശ്വാസം കാത്തുകൊണ്ട് താരം ബാംഗ്ലൂരിന് വീണ്ടും ബ്രേക്ത്രൂ നൽകി. എട്ട് പന്തുകളില്‍ നിന്ന് 12 റണ്‍സെടുത്ത നരെയ്‌നിനെ ഹസരംഗ ആകാശ് ദീപിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ഷെൽഡൺ ജാക്സണെ തൊട്ടടുത്ത പന്തിൽ പുറത്താക്കിയ ഹസരംഗ കൊൽക്കത്തയ്ക്ക് ഇരട്ടപ്രഹരം നൽകി. ഇതോടെ കൊൽക്കത്ത 67/6 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
പിന്നീട് ക്രീസിൽ എത്തിയ ആന്ദ്രേ റസലാണ് കൊൽക്കത്തയുടെ ഇന്നിങ്സിന് അൽപമെങ്കിലും ജീവൻ പകർന്നത്. മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നെങ്കിലും റസൽ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. വമ്പനടികളിലൂടെ കൊൽക്കത്തയുടെ സ്കോർ ഉയർത്തുകയായിരുന്നു റസൽ. എന്നാൽ 18 പന്തുകളിൽ 25 റൺസ് നേടി നിൽക്കുകയായിരുന്ന താരത്തെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ കൈകളിൽ എത്തിച്ച് ഹർഷൽ പട്ടേൽ കൊൽക്കത്തയ്ക്ക് വീണ്ടും തിരിച്ചടി നൽകി.
14.1 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. പിന്നാലെ ടിം സൗത്തിയെ പുറത്താക്കി ഹസരംഗ കൊല്‍ക്കത്തയുടെ ഒമ്പതാം വിക്കറ്റും വീഴ്ത്തി. അവസാന വിക്കറ്റില്‍ ഉമേഷ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ചേർന്ന് പടുത്തിയർത്തിയ 27 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൊല്‍ക്കത്ത സ്‌കോര്‍ 128 -ല്‍ എത്തിച്ചത്. ഒടുവില്‍ 19-ാം ഓവറിലെ അവസാന പന്തില്‍ 18 റണ്‍സെടുത്ത ഉമേഷ് യാദവിനെ അകാശ് ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. 10 റണ്‍സുമായി വരുണ്‍ ചക്രവര്‍ത്തി പുറത്താവാതെ നിന്നു.
ബാംഗ്ലൂരിനായി ഹസരംഗ നാലോവറില്‍ വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റെടുത്തു. ആകാശ് ദീപ് മൂന്നുവിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.