ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി രാജസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഡുപ്ലെസിയുടെ തീരുമാനം ശരി വെക്കുന്ന തരത്തിലുള്ള പ്രകടനമാണ് ബാംഗ്ലൂർ ബൗളർമാർ കാഴ്ചവെച്ചത്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ നടത്തിയതിന്റെ മികവിൽ മത്സരത്തിനിറങ്ങിയ രാജസ്ഥാൻ ബാറ്റിംഗ് നിരയെ ബാംഗ്ലൂർ ബൗളർമാർ റൺസ് നേടാൻ അനുവദിക്കാതെ വരിഞ്ഞുമുറുക്കുകയായിരുന്നു.
തുടരെ വിക്കറ്റുകൾ നഷ്ടമായി തകർച്ച നേരിട്ട രാജസ്ഥാനെ അവസരത്തിനൊത്ത് ഉയർന്ന് പൊരുതി അർധസെഞ്ചുറി നേടിയ റിയാൻ പരാഗിന്റെ പ്രകടനമാണ് (31 പന്തിൽ 56*) ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. സഞ്ജു (21 പന്തിൽ 27) മികച്ച തുടക്കം നേടിയെങ്കിലും മുതലാക്കാൻ കഴിയാതെ വേഗം പുറത്തായി. തുടരെ രണ്ട് സെഞ്ചുറികൾ നേടി ഫോമിലായിരുന്ന ജോസ് ബട്ലർ (8) നിറംമങ്ങിയതാണ് രാജസ്ഥാന് വലിയ തിരിച്ചടിയായത്. ബട്ലർ നൽകുന്ന മികച്ച തുടക്കം മുതലെടുത്ത് കൂറ്റൻ സ്കോറിലേക്ക് കുതിക്കാറുള്ള രാജസ്ഥാന് ബട്ലറുടെ നേരത്തെയുള്ള പുറത്താകൽ വലിയ തിരിച്ചടി നൽകി. ബട്ലറുടെ ഓപ്പണിങ് പങ്കാളിയായ ദേവ്ദത്ത് പടിക്കലും (7) നിരാശപ്പെടുത്തി. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നേടി വന്ന അശ്വിൻ നാല് ഫോർ അടിച്ച് തുടങ്ങിയെങ്കിലും പിന്നാലെ പുറത്തായി. ഷിംറോൺ ഹെറ്റ്മയർ (3), ഡാരിൽ മിച്ചൽ (17) എന്നിവരും നിരാശപ്പെടുത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ആദ്യ ആറോവറുകൾക്കുള്ളിൽ തന്നെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. പടിക്കലിനെയും അശ്വിനെയും സിറാജ് പുറത്താക്കിയപ്പോൾ മികച്ച ഫോമിലുള്ള ബട്ലറെ പുറത്താക്കി ഹെയ്സൽവുഡ് രാജസ്ഥാനെ പൂർണമായും പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. ഇതോടെ മൂന്ന് വിക്കറ്റിന് 33 എന്ന നിലയിലായ രാജസ്ഥാനെ സഞ്ജുവിന്റെ ഭേദപ്പെട്ട പ്രകടനമാണ് കൂടുതൽ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. മൂന്ന് സിക്‌സര്‍ പായിച്ച സഞ്ജു, ഹസരങ്കയുടെ പന്തില്‍ ബൗൾഡായി പുറത്താവുകയായിരുന്നു. ഡാരില്‍ മിച്ചലിന് (24 പന്തില്‍ 16) അവസരം മുതലാക്കാനാകാതെ പോവുകയും ഷിംറോണ്‍ ഹെറ്റ്മയര്‍, ട്രന്റ് ബോള്‍ട്ട് (5), പ്രസിദ്ധ് കൃഷണ (2) എന്നിവര്‍ വന്ന പോലെ തന്നെ മടങ്ങുകയും ചെയ്തതോടെ രാജസ്ഥാന്‍ എട്ടിന് 121 എന്ന നിലയിലായി. എന്നാൽ അവസരോചിത ഇന്നിങ്‌സുമായി കളം നിറഞ്ഞ റിയാൻ പരാഗ് രാജസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 36 പന്തുകൾ നേരിട്ട താരം നാല് സിക്‌സും മൂന്ന് ഫോറും സഹിതമാണ് 56 റൺസ് നേടിയത്.
ബാംഗ്ലൂരിനായി ബൗളിങ്ങിൽ സിറാജ്, ഹെയ്സൽവുഡ്, ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.