സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 16.1 ഓവറില്‍ 68ന് ഓള്‍ ഔട്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ് 8 ഓവറില്‍ 72/1.
72 പന്തുകള്‍ ബാക്കി നിര്‍ത്തികൊണ്ട് വമ്പന്‍ ജയ൦ സ്വന്തമാക്കിയ ഹൈദരാബാദിന്റെ നെറ്റ് റണ്‍റേറ്റിൽ കാര്യമായ മാറ്റമാണ് ഉണ്ടായത്. തുടരെ അഞ്ചാം ജയം നേടിയ അവർ ഏഴ് മത്സരങ്ങളിൽ 10 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം ഹൈദരാബാദ് ഇതുവരെ തോറ്റിട്ടില്ല.
advertisement
69 എന്ന കുഞ്ഞൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിനെ തടയാൻ ബാംഗ്ലൂർ ബൗളർമാരുടെ കൈയിലെ ആയുധങ്ങൾക്ക് മൂർച്ച പോരായിരുന്നു. ആദ്യ രണ്ടോവറുകൾ ശ്രദ്ധിച്ച് കളിച്ച ശേഷം മൂന്നാം ഓവറിലാണ് ഹൈദരാബാദ് തങ്ങളുടെ സ്കോറിങ്ങിന് വേഗം കൂട്ടിയത്. സിറാജ് എറിഞ്ഞ മൂന്നാം ഓവറിൽ 13 റൺസ് നേടി ഹൈദരബാദ് മത്സരം വേഗം തീർക്കുകയെന്ന തങ്ങളുടെ നയം വ്യക്തമാക്കുകയായിരുന്നു.യുവതാരം അഭിഷേക് ശർമ ആക്രമിച്ച് കളിച്ചപ്പോൾ ക്യാപ്റ്റൻ വില്യംസൺ മറുവശത്ത് നിലയുറപ്പിച്ച് നിന്ന് അഭിഷേകിന് പിന്തുണ നൽകി. സീസണിൽ ബാംഗ്ലൂരിനായി മികച്ച പ്രകടനം നടത്തുകയായിരുന്ന ഹെയ്സൽവുഡ് ആയിരുന്നു അഭിഷേകിന്റെ പ്രധാന ഇര. ഹെയ്സൽവുഡിന്റെ മൂന്ന് ഓവറിൽ നിന്നും 31 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്.
അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങിയ ഹൈദരാബാദിന് ജയത്തിനരികെ അഭിഷേക് ശർമയുടെ വിക്കറ്റ് നഷ്ടമായതാണ് ഏക നിരാശ. അതിവേഗം ഹൈദരാബാദിനെ ലക്ഷ്യത്തിലേക്ക് നയിച്ച താരം തന്റെ അർധസെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ ഹർഷൽ പട്ടേലിന്റെ പന്തിൽ അനുജ് റാവത്തിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അഭിഷേക് പുറത്താകുമ്പോൾ ജയത്തിന് അഞ്ച് റൺസ് മാത്രം അകലെയായിരുന്നു ഹൈദരാബാദ്. അഭിഷേക് പുറത്തായ ശേഷം ക്രീസിൽ എത്തിയ രാഹുൽ ത്രിപാഠി(7) ഹർഷലിനെ സിക്സിന് പറത്തിയാണ് ഹൈദരാബാദിന് ജയ൦ നേടിക്കൊടുത്തത്. വില്യംസൺ (17 പന്തിൽ 16) പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 16.1 ഓവറിൽ 68 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാർക്കോ ജാൻസെനും നടരാജനുമാണ് ബാംഗ്ലൂരിനെ തകർത്തത്. 15 റണ്‍സെടുത്ത സുയാഷ് പ്രഭുദേശായ് ആണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. പ്രഭുദേശായിക്ക് പുറമെ മാക്‌സ്‌വെൽ (12) മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി അഞ്ച് റൺസെടുത്ത് പുറത്തായപ്പോൾ വിരാട് കോഹ്ലി തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി. ഫിനിഷർ റോളിൽ എത്താറുള്ള ദിനേഷ് കാർത്തിക്കും സംപൂജ്യനായി മടങ്ങി.

