രാജസ്ഥാൻ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയെ ആദ്യ ഓവറിൽ തന്നെ ശ്രീകര്‍ ഭരത്തിനെ (രണ്ട് പന്തില്‍ 0) പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ഞെട്ടിച്ചെങ്കിലും ഡൽഹി പതറിയില്ല. പിന്നീട് ക്രീസിലെത്തിയ മിച്ചൽ മാർഷ് ഡേവിഡ് വാര്‍ണറെ കാഴ്‌ചക്കാരനാക്കി നിറഞ്ഞാടുകയായിരുന്നു. ഇതിനിടയിൽ 19ൽ നിൽക്കെ വാർണർ നൽകിയ ക്യാച്ച് ബട്ലർ നിലത്തിട്ടതും രാജസ്ഥാന് തിരിച്ചടിയായി. തകർത്തടിച്ച് മുന്നേറിയ മാർഷ് 38 പന്തിൽ അർധസെഞ്ചുറി തികച്ചു. അർധസെഞ്ചുറി നേടിയതിന് പിന്നാലെ ഗിയർ മാറ്റി മാർഷ് ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ ഡൽഹി ജയം ലക്ഷ്യമാക്കി കുതിച്ചു. നിലയുറപ്പിച്ച് കളിച്ച ഡേവിഡ് വാർണറും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ സെഞ്ചുറി കൂട്ടുകെട്ടും ഡൽഹി വിജയവും ഉറപ്പിക്കുകയായിരുന്നു.
advertisement
സെഞ്ചുറി ലക്ഷ്യം വെച്ച് കുതിക്കുകയായിരുന്ന മാർഷ് 18-ാം ഓവറിലെ ആദ്യ പന്തില്‍ ചാഹലിന് വിക്കറ്റ് നൽകി മടങ്ങി. 62 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് താരം 89 റൺസ് എടുത്തത്. വാർണറുമൊത്ത് രണ്ടാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതിന് ശേഷമാണ് താരം മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്ത് തകർത്തടിച്ചതോടെ ഡൽഹി അതിവേഗം ജയത്തിലേക്ക് അടുക്കുകയായിരുന്നു. പന്ത് (4 പന്തില്‍ 13*), വാർണർ (41 പന്തില്‍ 52*) പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ജോസ് ബട്‌ലറും സഞ്ജു സാംസണും നിറം മങ്ങിയ മത്സരത്തിൽ ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നേടിയെത്തി സർപ്രൈസ് ഫിഫ്റ്റി നേടിയ രവിചന്ദ്രൻ അശ്വിൻ (38 പന്തിൽ 50), ദേവ്‌ദത്ത് പടിക്കൽ (30 പന്തിൽ 48) എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ നൽകിയത്. ബൗളിങ്ങിൽ ചേതന്‍ സക്കരിയ, ആന്‍റിച്ച് നോര്‍ക്യ, മിച്ചല്‍ മാര്‍ഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.