51 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് 28 പന്തില്‍ 58 റണ്‍സ് നേടി പുറത്തായി. ഉമേഷ് യാദവ് 9 പന്തില്‍ 21 റണ്‍സ് നേടി.
ശ്രേയസ്സ് അയ്യരുടെയും, ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് കരുതിയെങ്കിലും ചാഹല്‍ എറിഞ്ഞ 17-ാം ഓവര്‍ മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവാകുകയായിരുന്നു. ഓവറിന്റെ അവസാന മൂന്നു പന്തുകളില്‍ ശ്രേയസ്സ് അയ്യരടക്കം മൂന്നു പേരുടെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് ചാഹല്‍ മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്.
പിന്നീടെത്തിയ ഉമേഷ് യാദവ് ഒന്നു വിറപ്പിച്ചെങ്കിലും (9 പന്തില്‍ 21) കൊല്‍ക്കത്തയെ വിജയത്തിലേക്ക് എത്തിക്കാനായില്ല. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയ്ക്കു പ്രഹരമേറ്റിരുന്നു. ഓപ്പണര്‍ സുനില്‍ നരെയ്ന്‍ (പൂജ്യം) റണ്ണൗട്ടാവുകയായിരുന്നു. ഷിമ്രോണ്‍ ഹെറ്റ്‌മെയ്‌റിന്റെ കിടിലന്‍ ഡയറക്ട് ത്രോയിലാണ് നരെയ്ന്‍ മടങ്ങിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫിഞ്ചും ശ്രേയസ്സും ഒരുമിച്ചതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡ് കുതിച്ചുയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒന്‍പതാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ നിതീഷ് റാണ (11 പന്തില്‍ 18), ആന്ദ്രെ റസ്സല്‍ (പൂജ്യം), വെങ്കടേഷ് അയ്യര്‍ (7 പന്തില്‍ 6) എന്നിവര്‍ തിളങ്ങിയില്ലെങ്കിലും ഒരറ്റത്ത് ക്യാപ്റ്റന്‍ അടിച്ചുതകര്‍ത്തു. എന്നാല്‍ ചാഹലിന്റെ കിടിലന്‍ ഓവര്‍ എല്ലാം തലതിരിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്.
സീസണില്‍ ബട്ട്‌ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

