സ്കോർ: രാജസ്ഥാൻ റോയൽസ്: 20 ഓവറിൽ 165-6; ലക്നൗ സൂപ്പർ ജയൻറ്സ്: 20 ഓവറിൽ 162-8
തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയിലേക്ക് കൂപ്പുകത്തിയ ലക്നൗവിന് വിജയപ്രതീക്ഷ നൽകിയത് ഓസീസ് താരം മാർക്കസ് സ്റ്റോയ്‌നിസിന്റെ ഇന്നിങ്‌സായിരുന്നു. വമ്പനടികളിലൂടെ സ്കോർ ഉയർത്തിയ താരത്തിന് പക്ഷെ ലക്നൗവിനെ വിജയവരയ്ക്ക് അപ്പുറം കടത്താൻ കഴിഞ്ഞില്ല. ഇതിൽ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാ൦ ഓവറിൽ 19 റൺസ് താരം അടിച്ചെടുത്ത് ലക്ഷ്യം ഒരോവറിൽ 15 റൺസ് ആക്കി ചുരുക്കിയെങ്കിലും അവസാന ഓവർ യുവതാരം കുൽദീപ് സെൻ മികച്ച രീതിയിൽ എറിഞ്ഞതോടെ ലക്നൗവിന്റെ ജയമകലുകയായിരുന്നു. 17 പന്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 38 റൺസാണ് സ്റ്റോയ്‌നിസ് അടിച്ചെടുത്തത്.
advertisement
166 റൺസ് പിന്തുടർന്ന് ഇറങ്ങിയ ലക്നൗവിനെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ ഞെട്ടിച്ചു. ട്രെന്റ് ബോൾട്ടിന്റെ തകർപ്പൻ ആദ്യ ഓവർ പ്രകടനത്തിൽ ലക്നൗവിന് അടിതെറ്റുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ രാഹുലും പിന്നാലെ തന്നെ കൃഷ്ണപ്പ ഗൗതമും പുറത്ത്. രാഹുലിന്റെ കുറ്റിയാണ് ബോൾട്ട് തെറിപ്പിച്ചതെങ്കിൽ കൃഷ്ണപ്പ ഗൗതം കിവീസ് താരത്തിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. പിന്നാലെ ജേസണ്‍ ഹോള്‍ഡറെ (8) പ്രസിദ്ധ് കൃഷ്ണയും മടക്കിയതോടെ ലക്നൗ തകര്‍ച്ച മുന്നില്‍ കണ്ടു.
തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായതോടെ പ്രതിരോധത്തിലായ അവരെ കരകയറ്റിയത് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡീ കോക്കിന്റെ (32 പന്തിൽ 39) ചെറുത്തുനിൽപ്പാണ്. നാലാം വിക്കറ്റിൽ ദീപക് ഹൂഡയുമൊത്തും ആറാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യക്കൊപ്പവും കൂട്ടിച്ചേർത്ത 38 റൺസിന്റെയും 22 റൺസിന്റെയും കൂട്ടുകെട്ടുകളാണ് ലക്നൗവിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്.എന്നാൽ ഹൂഡയെ കുൽദീപ് സെനും ഡീ കോക്കിനെയും ബദോനിയേയും ക്രുണാലിനേയും പുറത്താക്കി യുസ്‌വേന്ദ്ര ചാഹൽ രാജസ്ഥാന് വിജയപ്രതീക്ഷ നൽകുകയായിരുന്നു.
പിന്നീടായിരുന്നു സ്റ്റോയ്‌നിസിന്റെ വെടിക്കെട്ട് ബാറ്റിങ്. ഇതിനിടെ ഏഴ് പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ദുഷ്മന്ത ചമീരയേയും മടക്കിയ ചാഹൽ ഐപിഎല്ലില്‍ 150 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കി. മത്സരത്തിൽ ചാഹൽ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ കിവീസ് പേസർ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയറുടെ (Shimron Hetmyer) തകർപ്പൻ അർധസെഞ്ചുറി പ്രകടനമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഹെറ്റ്മയർക്ക് പുറമെ രവിചന്ദ്രൻ അശ്വിൻ (28), ദേവ്ദത്ത് പടിക്കൽ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം സഞ്ജു സാംസൺ (13) ഈ മത്സരത്തിലും നിരാശപ്പെടുത്തി.
ലക്നൗവിനായി കൃഷ്ണപ്പ ഗൗതമും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.