അഞ്ചാം വിക്കറ്റിൽ ഹെറ്റ്മയറും അശ്വിനും ചേർന്ന് കൂട്ടിച്ചേർത്ത 68 റൺസിന്റെ കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ അടിത്തറ. 67 ന് നാല് എന്ന നിലയിൽ തകർന്ന രാജസ്ഥാനെ ഇരുവരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ഹെറ്റ്മയർക്ക് പിന്തുണയേകിക്കൊണ്ടിരുന്ന അശ്വിൻ റിട്ടയേർഡ് ഹർട്ട് ആയി പുറത്തുപോയത് രാജസ്ഥാന് ചെറിയ തിരിച്ചടിയായെങ്കിലും അപ്പോഴേക്കും അവർ ഭേദപ്പെട്ട നിലയിലേക്ക് എത്തിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് ലഭിച്ചത് ഭേദപ്പെട്ട തുടക്കമായിരുന്നു. സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഫോമിലെത്താൻ കഴിയാതെ ഉഴറുകയായിരുന്ന യശസ്വി ജയ്‌സ്വാളിന് പകരം ഓപ്പണിങ്ങിൽ ബട്ലർക്കൊപ്പം ദേവ്ദത്ത് പടിക്കലാണ് ഇറങ്ങിയത്. മികച്ച രീതിയിൽ തുടങ്ങിയ ഇരുവരും ഒന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് വേർപിരിഞ്ഞത്. 11 പന്തില്‍ നിന്ന് 13 ബട്ലറെ ബൗൾഡാക്കി ആവേശ് ഖാൻ ലക്നൗവിന് ബ്രേക്ത്രൂ നൽകുകയായിരുന്നു. ബട്ലർക്ക് പകരം ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ മടങ്ങുകയായിരുന്നു. 60-ല്‍ നില്‍ക്കേ 12 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു ഹോൾഡറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. പിന്നാലെ മികച്ച രീതിയിൽ മുന്നേറുകയായിരുന്ന പടിക്കലിനെയും ഐപിഎല്ലിൽ അരങ്ങേറ്റം മത്സരം കളിക്കാൻ ഇറങ്ങിയ റാസി വാൻഡർ ദസനെയും മടക്കി കൃഷ്ണപ്പ ഗൗതം രാജസ്ഥാന് ഇരട്ടപ്രഹരം നൽകി. ഇതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി.
advertisement
പിന്നീടായിരുന്നു ഹെറ്റ്മയർ - അശ്വിൻ സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. തുടക്കത്തിൽ ശ്രദ്ധയോടെ മുന്നേറിയ സഖ്യം പിന്നീട് ഗിയർ മാറ്റുകയായിരുന്നു. ഹെറ്റ്മയർ ആയിരുന്നു കൂടുതൽ അപകടകാരി. പിന്നീട് അശ്വിൻ റിട്ടയർ ചെയ്യുകയായിരുന്നു. അശ്വിന് പകരം ക്രീസിലെത്തിയ റിയാൻ പരാഗ് നാല് പന്തിൽ എട്ട് റൺസെടുത്ത് പുറത്തായി. ഹോൾഡർക്കായിരുന്നു വിക്കറ്റ്. ഹെറ്റ്മർക്കൊപ്പം ബോൾട്ട് (ഒരു പന്തിൽ രണ്ട്) പുറത്താകാതെ നിന്നു.
ലക്നൗവിനായി കൃഷ്ണപ്പ ഗൗതമും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.