സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 169/3; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 19.1 ഓവറിൽ 173/6
രാജസ്ഥാൻ ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണർമാരായ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും അനുജ് റാവത്തും ഗംഭീര തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 48 റണ്‍സ് നേടി ഇവർ മത്സരത്തിൽ ബാംഗ്ലൂരിനായി ആധിപത്യം സ്ഥാപിച്ചെടുത്തു. എന്നാൽ തൊട്ടടുത്ത ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. 20 പന്തില്‍ 29 റണ്‍സെടുത്ത ഡുപ്ലെസിയെ ബോള്‍ട്ടിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ തന്നെ റാവത്തിനെ (25 പന്തില്‍ 26) സെയ്‌നി വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. പുറകെ തന്നെ കോഹ്‌ലിയുടെ വിക്കറ്റും നേടി രാജസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി. ചാഹലിന്റെ ഓവറിൽ സഞ്ജുവിന്‍റെ ഒരു മികച്ച ത്രോ സ്വീകരിച്ച് ചാഹൽ മുൻ ബാംഗ്ലൂർ ക്യാപ്റ്റനെ റൺ ഔട്ട് ആക്കുകയായിരുന്നു. ആറ് പന്തുകളിൽ നിന്നും കേവലം അഞ്ച് റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. തൊട്ടടുത്ത പന്തില്‍ ഡേവിഡ് വില്ലിയെ (രണ്ട് പന്തിൽ പൂജ്യം) ക്ലീൻ ബൗൾഡാക്കി ചാഹൽ ബാംഗ്ലൂരിനെ തകർച്ചയിലേക്ക് തള്ളിയിട്ടു.
advertisement
ബാംഗ്ലൂർ ഇന്നിങ്സിനെ തകർച്ചയിൽ നിന്നും ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ റൂഥര്‍ഫോർഡിനെ (10 പന്തിൽ 5) പുറത്താക്കിസെയ്‌നി വീണ്ടും ബാംഗ്ലൂരിന് തിരിച്ചടി നൽകി. 87 ന് 5 എന്ന നിലയിലാണ് കാർത്തിക്ക് ഷഹബാസിനൊപ്പം ചേർന്നത്. പിന്നീട് കളി മാറിമറിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഷഹബാസിനെ കൂട്ടുപിടിച്ച് കാർത്തിക് ബൗണ്ടറികൾ നേടാൻ തുടങ്ങിയതോടെ ബാംഗ്ലൂരിന്റെ സ്കോർബോർഡിലേക്ക് റൺസ് എളുപ്പമെത്താൻ തുടങ്ങി. നിലയുറപ്പിച്ചതോടെ ആത്മവിശ്വാസത്തോടെ മുന്നേറിയ ഇവർ ബാംഗ്ലൂരിന് വിജയപ്രതീക്ഷ നൽകുകയായിരുന്നു. ഒടുവിൽ 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷഹ്‌ബാസിനെ (26 പന്തില്‍ 45) ബൗള്‍ഡാക്കി ബോള്‍ട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 67 റൺസാണ് കൂട്ടിച്ചേർത്തത്. ഷഹബാസ് പുറത്തായെങ്കിലും പകരം വന്ന ഹർഷൽ പട്ടേലിനെ (നാല് പന്തില്‍ ഒമ്പത്) കൂട്ടുപിടിച്ച് ബാംഗ്ലൂരിനെ ജയിപ്പിക്കുകയായിരുന്നു.
രാജസ്ഥാന് വേണ്ടി ബൗളിങ്ങിൽ യുസ്‌വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് ജോസ് ബട്ലർ (47 പന്തുകളിൽ 70*), ഷിംറോൺ ഹെറ്റ്മയർ (31 പന്തിൽ 42*), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 37) എന്നിവരുടെ പ്രകടനങ്ങളുടെ ബലത്തിലാണ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തത്.
ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ബട്ലർ, ഹെറ്റ്മയർ സഖ്യമാണ് രാജസ്ഥാനെ 169 ലേക്ക് നയിച്ചത്. അവസാന നാലോവറിൽ നിന്നും ഇരുവരും കൂടി 62 റൺസാണ് രാജസ്ഥാന്റെ സ്കോറിലേക്ക് കൂട്ടിച്ചേർത്തത്.
ബാംഗ്ലൂരിനായി ബൗളിങ്ങിൽ ഹസരംഗ, ഡേവിഡ് വില്ലി, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.