ഐപിഎല്ലിൽ (IPL 2022) ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് - സൺറൈസേഴ്‌സ് ഹൈദരാബാദ് (RR vs SRH) മത്സരത്തിനിടെ സഞ്ജു നൽകിയ നിർദേശത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു ടീമിലെ തന്റെ സഹതാരവും മലയാളിയുമായ ദേവദത്ത് പടിക്കലിന് (Devdutt Padikkal) നൽകിയ നിർദേശം സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.
ഹൈദരാബാദ് ഇന്നിങ്സിന്റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ‘‘എടാ നീ ഇറങ്ങി നിന്നോ..ദേവ്..ദേവ്’’ എന്നായിരുന്നു സഞ്ജു പടിക്കലിന് നിർദേശം നൽകിയത്. ആരാധകർ ഇതേറ്റെടുത്തതോടെ സംഭവം വൈറലായി മാറുകയായിരുന്നു.
advertisement
കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച പടിക്കലിനെ മെഗാതാരലേലത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയത് മുതൽ സഞ്ജുവിനൊപ്പം മറ്റൊരു മലയാളി താരം കൂടിയെത്തുന്നു എന്ന ആവേശത്തിലായിരുന്നു മലയാളി ആരാധകർ. ബാറ്റിങ്ങിൽ ഇരുവരുടെ കൂട്ടുകെട്ട് കാണാനായും മലയാളി ആരാധകർ കാത്തിരിക്കുകയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് ഇരുവരും ചേർന്ന് മികച്ച സമ്മാനമാണ് നൽകിയത്. സീസണിലെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയ രാജസ്ഥാന് വേണ്ടി ഇരുവരും തകർത്താടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ രാജസ്ഥനായി നേടിയ 73 റൺസായിരുന്നു ടീമിന്റെ ഇന്നിങ്സിലെ ഹൈലൈറ്റ്. ബാറ്റിങ്ങിൽ തകർത്തടിച്ച രാജസ്ഥാൻ ബൗളിങ്ങിലും പിടിമുറുക്കി 61 റൺസിന്റെ ജയം നേടിയെടുക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, ക്യാപ്റ്റന്‍ സഞ്ജു സാംസൺ (27 പന്തില്‍ 55), ദേവ്ദത്ത് പടിക്കൽ (29 പന്തില്‍ 41), ഷിംറോൺ ഹെറ്റ്മെയർ (13 പന്തിൽ 32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടിയത്. രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഹൈദരാബാദിന്റെ മറുപടി 149 റൺസിൽ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്‍വേന്ദ്ര ചാഹലും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും ബൗളിങ്ങിൽ തിളങ്ങി.

