ഭുവനേശ്വർ എറിഞ്ഞ ആദ്യ ഓവറിൽ 16 റൺസ് നേടി തുടക്കമിട്ട ഗുജറാത്തിന് പക്ഷെ തുടക്കത്തിലേ സ്കോറിങ് വേഗം പിന്നീട് നിലനിർത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് ബൗളർമാർ ഗുജറാത്തിന്റെ സ്കോറിങ്ങ് നിയന്ത്രിച്ച് നിർത്തുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ നിന്നും 16 റൺസ് നേടിയാണ് തുടങ്ങിയത്. എന്നാൽ ആദ്യ ഓവറിൽ റൺസ് വഴങ്ങിയതിന്റെ നിരാശ ഭുവനേശ്വർ കുമാർ തന്റെ രണ്ടാം വരവിൽ തീർത്തു. മൂന്നാമത്തെ ഓവർ എറിയാനെത്തിയ താരം ശുഭ്മാന്‍ ഗില്ലിനെ (7) രാഹുൽ ത്രിപാഠിയുടെ കൈകളിൽ എത്തിച്ച് ഹൈദരാബാദിന് ആദ്യത്തെ ബ്രേക്ത്രൂ നൽകി. പിന്നീട് ക്രീസിൽ എത്തിയ സായ് സുദർശനെ കൂട്ടുപിടിച്ച് മാത്യൂ വെയ്ഡ് ഗുജറാത്തിന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചെങ്കിലും പവർപ്ലേയുടെ അവസാന ഓവറിൽ സുദർശനെ (11) മടക്കി നടരാജൻ ഗുജറാത്തിന് രണ്ടാം പ്രഹരമേൽപ്പിച്ചു.
രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പവർപ്ലേ ഓവറുകളിൽ നിന്നും 51 റൺസ് നേടിയ ഗുജറാത്ത് മികച്ച സ്കോർ ലക്ഷ്യമിട്ട് ഇന്നിംഗ്സ് മുന്നോട്ട് നീക്കുകയായിരുന്നു. എന്നാൽ എട്ടാം ഓവറിൽ മാത്യൂ വെയ്ഡിനെ (19) ഉമ്രാൻ മാലിക് വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഗുജറാത്ത് പ്രതിരോധത്തിലാവുകയായിരുന്നു. തകർച്ച മുന്നിൽ കണ്ട ഗുജറാത്തിനെ നാലാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ചേർന്ന് പതിയെ 100 കടത്തുകയായിരുന്നു. 13-ാ൦ ഓവറിൽ 100 കടന്ന ഗുജറാത്തിന് പക്ഷെ പിന്നാലെ തന്നെ തിരിച്ചടി ലഭിച്ചു. 12 റൺസെടുത്ത് നിൽക്കുകയായിരുന്ന ഡേവിഡ് മില്ലറെ അഭിഷേക് ശർമയുടെ കൈകളിൽ എത്തിച്ച് മാർക്കോ യാൻസൻ ഗുജറാത്തിന്റെ സ്കോറിങ് വേഗം കുറച്ചു.
ഡെത്ത് ഓവറുകളിൽ തകർത്തടിക്കാമെന്ന് കണക്കുകൂട്ടി ഇന്നിംഗ്സ് മുന്നോട്ട് നയിച്ച ഹാർദിക് പാണ്ഡ്യ സാവധാനം റൺസ് നേടിക്കൊണ്ട് തന്റെ ടീമിന് മികച്ച സ്കോർ ഉറപ്പാക്കി. എന്നാൽ ഡെത്ത് ഓവറുകളിൽ താരത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഹൈദരാബാദ് മികച്ച രീതിയിൽ പന്തെറിയുകയായിരുന്നു. ഹാർദിക് ക്രീസിൽ ഉണ്ടായിരുന്നിട്ടും അവസാന നാല് ഓവറുകളിൽ നിന്നും 36 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. ഇതിൽ നടരാജൻ എറിഞ്ഞ അവസാന ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടമായ അവർക്ക് കേവലം ഏഴ് റൺസ് മാത്രമാണ് നേടാനായത്.
ഹാർദിക്കിന് പുറമെ 21 പന്തില്‍ 35 റൺസ് നേടിയ അഭിനവ് മനോഹറും ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടന൦ നടത്തി. കഴിഞ്ഞ മത്സരത്തിൽ അവസാന രണ്ട് പന്തുകളിൽ സിക്സർ നേടി ടീമിന് ജയം സമ്മാനിച്ച രാഹുൽ തെവാട്ടിയ (നാല് പന്തിൽ ആറ്) നിരാശപ്പെടുത്തി.
ഹൈദരാബാദിനായി ബൗളിങ്ങിൽ നടരാജനും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്കോ യാൻസൻ, ഉമ്രാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

