advertisement
ഭേദപ്പെട്ട സ്‌കോറിൽ ഒതുങ്ങുമായിരുന്ന ബാംഗ്ലൂർ ഇന്നിംഗ്സ് കാർത്തിക്കിന്റെ അവസാന ഓവർ വെടിക്കെട്ടിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. ഐപിഎല്ലിൽ അരങ്ങേറ്റം നടത്തിയ അഫ്ഗാൻ താരം ഫസലാഖ് ഫാറുഖി എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറുമുൾപ്പെടെ 25 റൺസാണ് കാർത്തിക് അടിച്ചെടുത്തത്. 19 ഓവർ അവസാനിക്കുമ്പോൾ 167-3 എന്ന നിലയിലായിരുന്ന ബാംഗ്ലൂർ കാർത്തിക്കിന്റെ പ്രകടനത്തിൽ 192 ലേക്ക് കുതിക്കുകയായിരുന്നു.
ഡുപ്ലെസിയും കാർത്തിക്കും അടിച്ചുതകർത്ത മത്സരത്തിൽ വിരാട് കോഹ്ലി ഗോൾഡൻ ഡക്കായി മടങ്ങിയത് ആരാധകർക്ക് നിരാശയായി. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പുറത്തായ താരം, സീസണിൽ നാലാം തവണയാണ് സംപൂജ്യനായി മടങ്ങിയത്. വിരാട് കോഹ്‌ലിയെ ആദ്യ പന്തിൽ പുറത്താക്കി തുടങ്ങിയ സുചിത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ തുടക്കത്തിൽ തന്നെ ഞെട്ടി. ജഗദീശ സുചിത്ത് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ ഹൈദരാബാദ് ക്യാപ്റ്റൻ വില്യംസണ് ക്യാച്ച് നൽകി കോഹ്ലി മടങ്ങുകയായിരുന്നു. ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്‌ടമായ ബാംഗ്ലൂർ വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ഡുപ്ലെസിക്കൊപ്പം ചേർന്ന രജത് പാട്ടിദാര്‍ 105 റൺസ് കൂട്ടിച്ചേർത്ത് ബാംഗ്ലൂർ ഇന്നിങ്സിന്റെ അടിത്തറയിട്ടു. 38 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 48 റണ്‍സെടുത്ത രജത്തിനെ ഒടുവിൽ സുചിത്ത് തന്നെയാണ് പുറത്താക്കിയത്.
നാലാമനായി ക്രീസിൽ എത്തിയ മാക്സ്‌വെല്ലിനെ കൂട്ടുപിടിച്ച് ഡുപ്ലെസി മൂന്നാം വിക്കറ്റിൽ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 പന്തില്‍ 33 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കിയ മാക്‌സ്‌വെൽ കാര്‍ത്തിക് ത്യാഗിയുടെ പന്തിൽ മാർക്രം പിടിച്ച് പുറത്താവുകയായിരുന്നു. ശേഷം ക്രീസിലെത്തിയ കാർത്തിക് തന്റെ ഫിനിഷിങ് മികവ് പുറത്തെടുത്തതോടെ ബാംഗ്ലൂർ സ്കോർ 190 കടക്കുകയായിരുന്നു.അവസാന ഓവറിൽ നിന്നും ബാംഗ്ലൂർ 25 റൺസ് നേടിയപ്പോൾ ഇതിൽ 22 റൺസും കാർത്തിക്കിന്റെ സംഭാവനയായിരുന്നു.