ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ സാക്ഷിയാക്കി ക്കൊണ്ടായിരുന്നു ദേവദത്ത് തന്റെ ക്ലാസ് ഇന്നിംഗ്‌സ് കാഴ്ച വച്ചത്. താരത്തിന് ക്യാപ്റ്റന്റെ വക ഉറച്ച പിന്തുണയാണ് മത്സരത്തില്‍ ലഭിച്ചത്. ആദ്യ ഓവര്‍ മുതല്‍ ഒന്നിച്ച ഇവര്‍ വിജയ റണ്‍ നെടുന്നതുവരെയും ഒപ്പമുണ്ടായിരുന്നു. തന്റെ ഉറച്ച പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ വിലപ്പെട്ട പല ഉപദേശങ്ങളും യുവതാരത്തിന് നല്‍കിയിരുന്നു. കോഹ്ലി തന്നെയാണ് മത്സരശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.
കളിക്കിടെ സെഞ്ചുറി തനിക്ക് വേണ്ടെന്നും പകരം കളി വേഗം ഫിനിഷ് ചെയ്യാനാണ് പടിക്കല്‍ ആവശ്യപ്പെട്ടതെന്നും കോഹ്ലി വെളിപ്പെടുത്തി. 27 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചതിന് ശേഷം തകര്‍ത്തടിച്ച പടിക്കല്‍ 47 പന്തില്‍ 91 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്തരമൊരു ആവശ്യം കോഹ്ലിയോടെ ഉന്നയിച്ചത്. അപ്പോള്‍ ബാംഗ്ലൂരന് ജയിക്കാന്‍ 30 പന്തില്‍ 16 റണ്‍സ് മാത്രം മതിയായിരുന്നു. കോഹ്ലി ആ സമയത്ത് ഒരറ്റത്ത് നിന്ന് വെടിക്കെട്ട് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഈ ഒരു അവസ്ഥയില്‍ പടിക്കലിന് സെഞ്ചുറി നേടാന്‍ കഴിഞ്ഞേക്കില്ല എന്ന് പലരും ചിന്തിച്ച സമയമായിരുന്നു അത്. പക്ഷേ പടിക്കലിനോട് ആദ്യം സെഞ്ചുറി നേടൂ, അതിന് ശേഷം കളി ഫിനിഷ് ചെയ്യാമെന്ന് പറഞ്ഞതായി കോഹ്ലി വെളിപ്പെടുത്തി.
advertisement
'സെഞ്ചുറിയെ കുറിച്ച് ഞാന്‍ പടിക്കലുമായി സംസാരിച്ചിരുന്നു. എന്നാല്‍ കളി ജയിപ്പിക്കാനാണ് അവന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടത്. സെഞ്ചുറികള്‍ ഇനിയും വരുമെന്നായിരുന്നു പടിക്കല്‍ പറഞ്ഞത്. എന്നാല്‍ ആദ്യം ആ നേട്ടം സ്വന്തമാക്കിയ ശേഷം നമുക്കത് ചിന്തിക്കാം എന്നായിരുന്നു ഞാന്‍ നല്‍കിയ ഉപദേശം. സെഞ്ച്വറി നേടാന്‍ അവന്‍ എന്തും കൊണ്ടും അര്‍ ഹനായിരുന്നു.' കോഹ്ലി വ്യക്തമാക്കി.
'ഗംഭീര ഇന്നിംഗ്സാണ് ദേവദത്ത് പടിക്കല്‍ കളിച്ചത്. കഴിഞ്ഞ സീസണിലും ഗംഭീരമായി അവന്‍ നന്നായി കളിച്ചിരുന്നു. എന്നാല്‍ 30 റണ്‍സിനപ്പുറം സ്‌കോര്‍ ഉയര്‍ത്താനാവുന്നില്ലെന്ന് പലരും അവനെ കുറിച്ച് പറഞ്ഞു. എന്നാല്‍ ആ പറച്ചിലുകള്‍ ഒക്കെ അവന്‍ ഒറ്റ ഇന്നിംഗ്സിലൂടെ ഇല്ലാതാക്കി. ഈ പിച്ച് ബാറ്റിംഗിന് അനുയോജ്യമായ പിച്ചാണ്. നല്ല ഉയരമുള്ളത് കൊണ്ട് ബൗളര്‍മാര്‍ക്ക് പടിക്കലിനെതിരെ പന്തെറിയുക ബുദ്ധിമുട്ടായിരുന്നു. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുക എന്നത് കളിയില്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഞാന്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ചത്. എന്നാല്‍ വേറൊരു കളിയായിരുന്നെങ്കില്‍ ഇതേ രീതിയില്‍ ബാറ്റ് ചെയ്യുമായിരുന്നില്ല.' കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ഈ മത്സരത്തിലെ പ്രകടനത്തോടെ ബാംഗ്ലൂരിന് അവരുടെ ആകെ ഉണ്ടായിരുന്ന ആശങ്ക കൂടി ഒഴിഞ്ഞിരിക്കുകയാണ്. കോഹ്ലിയും പടിക്കലും കൂടി ഫോമിലെത്തിയതോടെ നേരത്തെ തന്നെ ഫോമിലായിരുന്ന ഗ്ലെന്‍ മാക്‌സ്വെല്ലിനും എബി ഡിവില്ലിയേഴ്‌സിനും കൂട്ടായിരിക്കുകയാണ്. അതിശക്തമായ ഒരു ടീം എന്ന നിലയിലേക്ക് ആണ് ബാംഗ്ലൂര്‍ ഉയര്‍ന്നിരിക്കുന്നത്. ആദ്യ ഐപിഎല്‍ കിരീടം എന്ന അവരുടെ സ്വപ്നത്തിലേക്ക് ഊര്‍ജ്ജം പകരുന്നതായി അവരുടെ പ്രധാന കളിക്കാരുടെ ഫോം.
