ഐപിഎല്ലിൽ അഞ്ചാം കിരീടം നേടിയ മുംബൈ ഇന്ത്യൻസ് സംഘത്തിലെ പ്രധാനിയായിരുന്നു ക്രുനാൽ പാണ്ഡ്യ. 12 ഇന്നിംഗ്സുകളിൽനിന്ന് 109 റൺസ് നേടിയ ക്രുനാൽ, ആറു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചശേഷമാണ് ക്രുനാൽ ഉൾപ്പടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഇന്ത്യയിലേക്കു മടങ്ങിയത്. എന്നാൽ സ്വർണം ഉൾപ്പടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈവശംവെച്ചതിന് ക്രുനാലിനെ മുംബൈ വിമാനത്താവളത്തിൽ ഡിആർഐ തടഞ്ഞുവെക്കുകയായിരുന്നു.
advertisement
സ്വർണം കൊണ്ടുവരുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പാണ്ഡ്യ ക്ഷമ ചോദിച്ചതായാണ് റിപ്പോർട്ട്. കൂടാതെ പിഴ ചുമത്താൻ സമ്മതിക്കുകയും ചെയ്തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഇനിമേൽ തെറ്റ് ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പാണ്ഡ്യയെ അവിടെനിന്ന് പോകാൻ ഡിആർഐ അനുമതി നൽകിയത്.
അഞ്ചാം കിരീടം നേടിയതിന്‍റെ ആവേശത്തിലായിരുന്നു ക്രുനാൽ പാണ്ഡ്യ. കിരീടം നേടിയതിന്‍റെ ആഘോഷത്തിനുശേഷം ടീം അംഗങ്ങൾ ദുബായിൽ വിപുലമായ ഷോപ്പിങ് നടത്തിിയിരുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ ടീമിലെ മിക്കവരും വാങ്ങിയതായി സൂചനയുണ്ട്. ഏതായാലും, ഈ സംഭവത്തെക്കുറിച്ച് മുംബൈ ഇന്ത്യൻസോ താരമോ പ്രതികരിച്ചിട്ടില്ല.