താര ലേലത്തിലെ ശ്രദ്ധയില്ലായ്മയാണ് മുംബൈയുടെ മോശം അവസ്ഥയ്ക്ക് പിന്നില്ലെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ടീമിന്റെ ആത്മാക്കളായി നിന്ന താരങ്ങളെ മെഗാ താര ലേലത്തില്‍ കൈവിട്ടത് ചൂണ്ടിക്കാട്ടിയാണ് പീറ്റേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്. ബെറ്റ്വേ കോമിലെ ബ്ലോഗിലാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ട്രെന്റ് ബോള്‍ട്ടിനെ കൈവിട്ടതും പരിക്കേറ്റ ജോഫ്രാ ആര്‍ച്ചറിനായി കോടികള്‍ മുടക്കിയതുമാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. ഇതോടെ മുംബൈയുടെ ബൗളിങ് തീര്‍ത്തും ദുര്‍ബലമായെന്നും കെപി പറഞ്ഞു.
advertisement
'ഐപിഎല്‍ സീസണ്‍ മുംബൈ ഇന്ത്യന്‍സിന് കൂട്ടത്തകര്‍ച്ചയുടേതാണ്. ബാറ്റസ്മാന്മാര്‍ സ്‌പോണ്‍സര്‍ഷിപ്പുകളും ബോളര്‍മാര്‍ പ്രീമിയര്‍ഷിപ്പുകളും നേടുമെന്നാണ് അവര്‍ പറയുന്നത്. പരിക്കേറ്റ ജോഫ്ര ആര്‍ച്ചറിനായി ഇത്രയധികം തുക മുടക്കുകയും ട്രെന്റ് ബോള്‍ട്ടിനെ കൈവിടുകയും ചെയ്തതോടെ അവരുടെ ബൗളിങ് നിര തീര്‍ത്തും ദുര്‍ബലമായി.'
'ടി20 ക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്തവരാണ് ഇടംകൈയന്‍ പേസര്‍മാര്‍. അവരുടെ ബൗളിങ് ആംഗിള്‍ ബാറ്റര്‍മാരെ കുഴപ്പത്തിലാക്കും. ലോകോത്തര നിലവാരമാണു ബോള്‍ട്ടിന്റെത്. ബോള്‍ട്ടിനെ കൈവിട്ടുകളഞ്ഞതാണ് മുംബൈയുടെ ഏറ്റവും വലിയ നഷ്ടം, ക്വിന്റന്‍ ഡികോക്കിനെക്കാളും, പാണ്ഡ്യ സഹോദരന്‍മാരെക്കാളും മുംബൈയെ ഏറെ വേദനിപ്പിക്കുന്നതും ഇതായിരിക്കും. എല്ലാവരും ഒന്നാംതരം മാച്ച് വിന്നര്‍മാരാണ്.'
'മെഗാ താര ലേലത്തില്‍ മുംബൈയുടെ ആത്മാവ് തന്നെ നഷ്ടമായി. മുംബൈയില്‍ കളിച്ചു പഠിച്ച സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ ടീമിനു പുറത്താണ്. മുംബൈയുടെ നില പരുങ്ങലിലും. എന്താണ് ഇവിടെ നടക്കുന്നതെന്നാകും പരിശീലകന്‍ മഹേള ജയവര്‍ധനെ ആലോചിക്കുന്നത്'- പീറ്റേഴ്‌സണ്‍ വിശദമാക്കി.