ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് സ്‌കോര്‍ബോര്‍ഡില്‍ രണ്ടക്കം തികയ്ക്കുമ്പോഴേക്കും ഓപ്പണര്‍ ഡീ കോക്കിന്റെ വിക്കറ്റ് നഷ്ടമായി. ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനോടൊപ്പം നായകന്‍ രോഹിത് ശര്‍മ മികച്ച റണ്‍ റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രെമിച്ചെങ്കിലും ഏഴാം ഓവറിലെ അവസാന പന്തില്‍ ഈ കൂട്ടുകെട്ട് തകര്‍ന്നു. 15 പന്തില്‍ 24 റണ്‍സെടുത്ത സൂര്യകുമാറിനെ ആവേശ് ഖാന്‍ റിഷഭിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
ഒമ്പതാം ഓവര്‍ എറിഞ്ഞ അമിത് മിശ്ര രണ്ട് വമ്പന്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. 30 പന്തില്‍ 44 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് മിശ്ര ആദ്യം വീഴ്ത്തിയത്. ശേഷം ക്രീസിലെത്തിയ ഹാര്‍ദിക് നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍സൊന്നും നേടാതെ പുറത്താവുകയായിരുന്നു. പതിനൊന്നാം ഓവറില്‍ ക്രൂണല്‍ പാണ്ഡ്യ അഞ്ചു ബോളില്‍ നിന്ന് ഒരു റണ്‍സെടുത്തും പുറത്തായി. സ്‌കോര്‍ 84 ല്‍ നില്‍ക്കുമ്പോള്‍ പൊള്ളാര്‍ഡിനെ കിടിലന്‍ ഗൂഗ്ലിയിലൂടെയാണ് മിശ്ര പുറത്താക്കിയത്. തന്റെ അവസാന ഓവറിലൂടെ ഇഷാന്‍ കിഷനെയും മിശ്ര വീഴ്ത്തി.
advertisement
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് പകരം വീട്ടാനുറച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മറുപടി ബാറ്റിങ്ങിനിറങ്ങാന്‍ പോകുന്നത്. മികച്ച ബാറ്റിങ് നിരയുള്ള ടീമുകളിലൊന്നാണ് ഡല്‍ഹി. അതിനാല്‍ ഡല്‍ഹിക്കെതിരെ മുംബൈ ബൗളര്‍മാര്‍ക്ക് പണികൂടുമെന്നത് ഉറപ്പാണ്. ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കുന്ന തകര്‍പ്പന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ മികവിലാണ് ഡല്‍ഹി കളി പിടിച്ചടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റ് വീശിയ രീതി അതിന് ഉദാഹരണമാണ്. 186 റണ്‍സുമായി ശിഖര്‍ ധവാന്‍ ആണ് ലീഗിലെ റണ്‍സ് വേട്ടക്കാരില്‍ ഒന്നാമത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് നടത്തുന്ന പ്രകടനവും കളിയുടെ ഗതി മാറ്റിമറിച്ചേക്കും.
ബൗളിംഗ് നിരയുടെ മികവിലാണ് മുംബൈ ഈ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുംബൈ വിജയം പിടിച്ചെടുത്തത് ബൗളര്‍മാരുടെ കരുത്തിലാണ്. ബുംറ- ബോള്‍ട്ട് പേസ് കൂട്ടുകെട്ട് മികച്ച ഫോമിലുള്ളത് മുംബൈ ടീമിന് ആശ്വാസമാണ്. കൂടാതെ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറും മികച്ച രീതിയില്‍ പന്തെറിയുന്നു എന്നുള്ളത് മുംബൈ ബൗളിങ്ങിന്റെ മൂര്‍ച്ച കൂട്ടുന്നു. ഏഴ് വിക്കറ്റുമായി താരം ലീഗില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്.
