ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിന്ന് പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന് വ്യക്തം. അങ്ങനെയാണെങ്കില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം തന്നെയാവും മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ കാത്തിരിക്കുന്നത്. മുംബൈയെ സംബന്ധിച്ച് മധ്യനിരയുടെ മോശം ഫോം തലവേദനയാവുമ്പോള്‍ ക്യാപ്റ്റന്റേതടക്കം സ്ഥിരതയില്ലായ്മയില്‍ പഴിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ സഞ്ജു മറുപടി പ്രകടനം കാഴ്ച വെച്ചിരുന്നു.
കഴിഞ്ഞ രണ്ട് കളിയിലും മുംബൈ തോറ്റിരുന്നു. പഞ്ചാബിനെതിരെ നേരിട്ട 9 വിക്കറ്റിന്റെ തോല്‍വി നിലവിലെ ചാമമ്പ്യന്മാരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാര്‍ദിക്,ക്രുനാല്‍, പൊള്ളാര്‍ഡ് എന്നിവര്‍ താളം കണ്ടെത്താത്തതാണ് മുംബൈയെ വലക്കുന്നത്. ബൂമ്രയും മുംബൈക്ക് വേണ്ടി പ്രതീക്ഷിച്ച കളി പുറത്തെടുക്കുന്നില്ല. 5 കളിയില്‍ നിന്ന് സ്റ്റാര്‍ പേസര്‍ ഇതുവരെ വീഴ്ത്തിയത് നാല് വിക്കറ്റാണ്.
advertisement
രാജസ്ഥാന്‍ ബട്ട്‌ലറിനൊപ്പം യശസ്വിയെ തന്നെയാണ് ഓപ്പണിങ്ങില്‍ ഇറക്കുന്നത്. കഴിഞ്ഞ കളിയില്‍ തുടരെ ബൗണ്ടറികള്‍ നേടി പോസിറ്റീവ് ക്രിക്കറ്റ് യശസ്വിയില്‍ നിന്ന് വന്നിരുന്നു. സ്ഥിരതയോടെ ബാറ്റ് വീശാന്‍ സഞ്ജുവിനും വിക്കറ്റ് നഷ്ടപ്പെടുത്താതെ നിന്ന് കളിക്കാന്‍ രാജസ്ഥാനും കഴിഞ്ഞാല്‍ തുടരെ രണ്ടാം ജയത്തിലേക്ക് രാജസ്ഥാന് അനായാസം എത്താം.
അവസാന മത്സരത്തില്‍ തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണം തീര്‍ത്ത് വിജയവഴിയിലേക്ക് തിരിച്ചെത്താനാകും മുംബൈയുടെ ശ്രമം. അതേ സമയം അവസാന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ അനായാസ ജയം ആവര്‍ത്തിക്കാനാകും സഞ്ജുവും കൂട്ടരും ഇന്നിറങ്ങുക. ടൂണമെന്റിലെ താരങ്ങളുടെ പിന്മാറ്റം ഏറ്റവും കൂടുതല്‍ അലട്ടുന്ന ടീമാണ് രാജസ്ഥാന്‍. അഞ്ചു മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണം ജയിച്ചുകൊണ്ട് പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇത്രയും ജയം തന്നെ നേടിയ മുംബൈ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ്.
25 മത്സരങ്ങളില്‍ ഇതുവരെ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12 വീതം മത്സരങ്ങളില്‍ ഇരുവരും വിജയികളായിട്ടുണ്ട്. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു.
