പവര്‍പ്ലേയില്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവെക്കുന്നത്. സീസണിൽ പവര്‍പ്ലേയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായും താരം മാറി. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബിനെതിരെ ഡല്‍ഹി ആറ് വിക്കറ്റിന് വിജയിച്ചതും ഈ ഗംഭീര തുടക്കത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്. 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇപ്പോഴിതാ ഫോമിലേക്ക് തിരിച്ചെത്തിയതിന് ശേഷം തന്റെ ബാറ്റിങ്ങിനെയോര്‍ത്ത് ആശങ്കപ്പെട്ട സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വി ഷാ.
advertisement
"ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം പ്ലേയിങ് 11ല്‍ നിന്ന് എന്നെ ഒഴിവാക്കിയപ്പോള്‍ എന്റെ ബാറ്റിങ്ങിനെയും ടെക്‌നിക്കുകളെയും ഓര്‍ത്ത് ഞാൻ ആശങ്കപ്പെട്ടിരുന്നു. പിന്നീട് ഇത് തിരുത്താനുള്ള ശ്രമിത്തിലായിരുന്നു. ചെറിയ പിഴവുകള്‍ പോലും കണ്ടെത്തി ശരിയാക്കാന്‍ ശ്രമിച്ചു. എന്റെ ക്രീസിലെ നിൽപ്പ് ശരിയാക്കാന്‍ ആദ്യം ശ്രമം നടത്തി. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം എന്റെ പരിശീലകരായ പ്രശാന്ത് ഷെട്ടി സാറും പ്രവീണ്‍ ആംറെ സാറുമായി സംസാരിച്ച് അവരുടെ നിർദേശങ്ങൾക്കനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി. അതിന് ശേഷമാണ് വിജയ് ഹസാരെ ട്രോഫിക്ക് പോയത്. അത് ഫലം കാണുകയും ചെയ്തു. എന്റെ സ്വാഭാവികമായ കളിയാണ് വിജയ് ഹസാരെ ട്രോഫിയിലും കാഴ്ചവെച്ചത്. എന്നാല്‍ ടെക്‌നിക്കുകളില്‍ അല്‍പ്പം മാറ്റം വരുത്തി," പൃഥ്വി പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം തന്നെയായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറർ. ഇതേ ഫോം ഐപിഎല്ലിലേക്കും പകർത്താൻ താരത്തിന് കഴിഞ്ഞു. ഡൽഹി ടീമിന് വേണ്ടി മികച്ച തുടക്കം നൽകി റണ്‍സുയര്‍ത്തുക എന്നതാണ് താരത്തിന് ടീമിലുള്ള പ്രധാന ചുമതല. അതിനാല്‍ത്തന്നെ പവര്‍പ്ലേയില്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവെക്കുന്നത്.
"ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം എന്റെ ബാറ്റിങ്ങിനെ ഓര്‍ത്ത് വളരെ ആശങ്കപ്പെട്ടിരുന്നു. കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം തെറ്റുകള്‍ കണ്ടെത്താനും ശ്രമിച്ചു. ഐപിഎല്ലിന് മുമ്പായി T20 ഫോര്‍മാറ്റിലുള്ള പരിശീലനം അധികം ലഭിച്ചിരുന്നില്ല. എന്നാല്‍ റിക്കി പോണ്ടിങ് സാറുമായി മികച്ച പരിശീലനമാണ് ലഭിച്ചത്. അത് എന്നില്‍ വലിയ മാറ്റമുണ്ടാക്കി," പൃഥ്വി ഷാ പറഞ്ഞു.
ആദ്യ മൂന്ന് മത്സരത്തില്‍ നിന്ന് 35.33 ശരാശരിയിലും 177 സ്‌ട്രൈക്കറേറ്റിലും 106 റണ്‍സാണ് പൃഥ്വി നേടിയിരിക്കുന്നത്. പഞ്ചാബിനെതിരെ ജയിച്ച ഡൽഹിക്ക് കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് അടുത്ത മത്സരത്തിൽ എതിരാളികൾ. ട്രെൻ്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിങ്ങനെ മികച്ച ബൗളർമാരുള്ള മുംബൈയുടെ ബൗളിങ് നിരയ്‌ക്കെതിരെ താരം മിന്നുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
Summary: Prithvi Shaw admits that he bothered much about his batting technique
