ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ടീമിനെതിരെ തുടക്കം മുതലേ ഹൈദരാബാദ് ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിനായി ബൗളിങ്ങ് ഓപ്പണ്‍ ചെയ്തത്. പതിയെ തുടങ്ങിയ പഞ്ചാബിന് സ്‌കോര്‍ 15ല്‍ എത്തിയപ്പോള്‍ നായകന്‍ കെ എല്‍ രാഹുലിനെ നഷ്ടമായി. ബൗണ്ടറികള്‍ വിരളമായതോടെ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റണ്ണുയര്‍ത്താനാണ് ക്രിസ് ഗെയ്ലും മായങ്കും പവര്‍ പ്ലേയില്‍ ശ്രമിച്ചത്.
ഏഴാം ഓവറിലെ അവസാന പന്തിലൂടെ ഖലീല്‍ അഹമദ്, 22 റണ്‍സെടുത്ത മായങ്ക് അഗര്‍വാലിനെയും വീഴ്ത്തി. ശേഷമെത്തിയ നിക്കോളാസ് പുരാന്‍ ഇത്തവണയും റണ്‍സൊന്നും നേടാതെ പുറത്തായി. നോണ്‍ സ്‌ട്രൈക്ക് എന്റില്‍ ഇറങ്ങിയ താരം ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെ റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്. ഈ സീസണില്‍ ഇതു മൂന്നാം തവണയാണ് നിക്കോളാസ് റണ്‍സൊന്നും നേടാതെ പുറത്താകുന്നത്.
advertisement
റാഷിദ് ഖാന്റെ മാന്ത്രിക സ്പിന്നില്‍ 'യൂണിവേഴ്‌സല്‍ ബോസ്സ്' കൂടാരം കയറി. പിന്നീട് ക്രീസിലെത്തിയവരില്‍ ഷാരൂഖ് ഖാനു മാത്രമാണ് താളം കണ്ടെത്താനായത്. ഷാരൂഖിന്റെ പ്രകടനം തന്നെയാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് ഇത്തവണയും ഒഴിവാക്കിയത്. 17 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ താരം പത്തൊമ്പതാം ഓവറിലാണ് മടങ്ങിയത്.
ആദ്യ ജയം തേടി ഇറങ്ങുന്ന ഹൈദരാബാദ് നിരയില്‍ പരുക്ക് ഭേദമായെത്തുന്ന ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണും, ഹൈദരാബാദ് ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കാന്‍ കേദാര്‍ ജാദവും ബൗളിംഗ് നിരക്ക് കരുത്ത് പകരാന്‍ സിദ്ദാര്‍ത്ഥ് കൗളും ഇന്ന് ഇറങ്ങിയിട്ടുണ്ട്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മനീഷ് പാണ്ഡെ, അബ്ദുല്‍ സമദ്, അഫ്ഗാന്‍ താരം മുജീബുര്‍ റഹ്‌മാന്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിപ്പിച്ചിട്ടില്ല. വില്യംസണിന്റെ വരവ് ടീമിന് ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍. മധ്യനിരയില്‍ ഉറപ്പ് കിട്ടാതെ ഉഴറുന്ന ടീമിനെ പിടിച്ച് നിര്‍ത്താന്‍ താരത്തിന് കഴിയും എന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്.
മറുവശത്ത്, പഞ്ചാബ് നിരയില്‍ ബൗളിങ്ങിന് കരുത്ത് കൂട്ടാന്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. റീലി മെറിഡിത്തിനും ജൈ റിച്ചാര്‍ഡ്സണും ജലജ് സക്സേനക്കും പകരം ഫാബിയന്‍ അലനും മോയിസസ് ഹെന്റിക്വസും മുരുഗന്‍ അശ്വിനും കളിക്കും. തുടരെ രണ്ടു തോല്‍വികള്‍ നേരിട്ട ടീം വിജയം നേടി തിരിച്ചുവരാന്‍ ആണ് ഒരുങ്ങുന്നത്.
