തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോ വഴിയാണ് പൂരന്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പൊരുതുന്ന രാജ്യത്തിന് തങ്ങളാലാവുന്ന വിധത്തില്‍ സഹായിക്കണമെന്നും അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് അനേകം പേരാണ് ഇന്ത്യയില്‍ മരിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെയും ഇന്നുമായി 3.86 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ആളുകളോട് എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കാനും താരം തന്റെ പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.
advertisement
''നിങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ കഴിയുമെങ്കില്‍ ദയവായി ചെയ്യുക, ഇന്ത്യയ്ക്കായി എനിക്ക് കഴിയാവുന്നത് ഞാന്‍ ചെയ്യും, എന്റെ പ്രാര്‍ത്ഥന എല്ലാവരുടെയും ഒപ്പമുണ്ട് അത്മാത്രമല്ല, എന്റെ ഐപിഎല്‍ ശമ്പളത്തിന്റെ ഒരു ഭാഗം ഞാന്‍ ഇന്ത്യക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള ശ്രമത്തിലേക്ക് സംഭാവനയായി നല്‍കാന്‍ ആഗ്രഹിക്കുന്നു,'' പൂരന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് താരം പാറ്റ് കമ്മിന്‍സും മുന്‍ ഓസീസ് താരം ബ്രെറ്റ് ലീയും ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്കായി 50000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 29 ലക്ഷം രൂപ) ആണ് കമ്മിന്‍സ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്. അതേസമയം, ഒരു ബിറ്റ് കോയിനാണ് ബ്രെറ്റ് ലീ സംഭാവനയായി നല്‍കിയത്. ഏകദേശം 41 ലക്ഷത്തോളം രൂപയാണ് ഇതിന്റെ മൂല്യം വരിക. ഇന്ത്യ തന്റെ രണ്ടാം വീടാണെന്നും രാജ്യത്തെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാനാണ് പണം നല്‍കുന്നതെന്നും ലീ വ്യക്തമാക്കി.
ഇതുകൂടാതെ ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. റോയല്‍സ് 7.5 കോടിയും ഡല്‍ഹി 1.5 കോടിയുമാണ് സംഭാവന നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷനും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് തുക വിനിയോഗിക്കുക എന്ന് ക്ലബ് ട്വിറ്ററില്‍ അറിയിച്ചു. അതേസമയം, രാജ്യതലസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക നല്‍കുന്നതെന്ന് ഡല്‍ഹിയും അറിയിച്ചു
