അവസാനം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റാണ് പഞ്ചാബ് എത്തുന്നത്. മറുവശത്ത് കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് മുംബൈയുടെ വരവ്. പോയന്റ് പട്ടികയില്‍ മുംബൈ നാലാം സ്ഥാനത്തും പഞ്ചാബ് ഏഴാമതുമാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും പഞ്ചാബ് വെല്ലുവിളി നേരിടുന്നുണ്ട്. കെ എല്‍ രാഹുല്‍ നിലയുറപ്പിച്ച് കളിക്കാന്‍ നോക്കുമ്പോള്‍ ടീം സ്‌കോറിനെ അത് വല്ലാതെ ബാധിക്കുന്നു. നേരെമറിച്ച് അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് രാഹുലിന്റെ വിക്കറ്റ് നഷ്ടമാവുമ്പോള്‍ അതും ടീമിനെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ക്രിസ് ഗെയ്‌ലും നിക്കോളാസ് പുരനും ഫോമിലെത്താത്തതും അവര്‍ക്ക് തിരിച്ചടിയാകുന്നു. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നന്നായി തല്ലുവാങ്ങുന്നു. അര്‍ഷദീപ് സിങ്ങിന്റെ പ്രകടനം മാത്രമാണ് ബൗളിങ്ങില്‍ പഞ്ചാബിന് ആശ്വസിക്കാനുള്ളത്.
advertisement
മറുവശത്ത്, മധ്യനിരയുടെ സ്ഥിരതയില്ലായ്മ തന്നെയാണ് മുംബൈയും നേരിടുന്ന പ്രശ്‌നം. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നീ രണ്ട് പേര്‍ പുറത്തായാല്‍ മുംബൈയും തകര്‍ച്ച നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീകോക്ക്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊന്നും മികവിനൊത്ത് ഉയരാനായിട്ടില്ല. ബൗളിംഗ് നിരയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മുംബൈ വിജയങ്ങള്‍ സ്വന്തമാക്കുന്നത്.
മികച്ച ബാറ്റിംഗ് നിരയുള്ള ടീമായി വിലയിരുത്തപ്പെടുന്ന പഞ്ചാബിന്റെ ബാറ്റിംഗ് നിരയും മികച്ച ഫോമില്‍ പന്തെറിയുന്ന ബുംറയും ബോള്‍ട്ടുമടങ്ങുന്ന മുംബൈയുടെ ബൗളിംഗ് നിരയും തമ്മിലുള്ള പോരട്ടത്തിനാണ് കളമൊരുങ്ങുന്നത്.
26 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ മത്സരങ്ങളില്‍ 14 തവണ ജയിക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്. 12 തവണയാണ് പഞ്ചാബ് കിങ്സ് ജയിച്ചത്. നിലവിലെ ഫോമില്‍ അല്‍പ്പം മുന്‍തൂക്കം മുംബൈക്കുണ്ടെങ്കിലും പഞ്ചാബിനെ എഴുതിത്തള്ളാനാവില്ല.
