57 പന്തില്‍ 91 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ ഇന്നിങ്‌സാണ് പഞ്ചാബിന് അടിത്തറ പകര്‍ന്നത്. അവസാന ഓവറില്‍ രാഹുല്‍ ഒരു സിക്‌സും രണ്ടു ഫോറും നേടി. ആകെ ഏഴ് ഫോറും അഞ്ചു സിക്‌സും രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 24 പന്തില്‍ 46 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലും 17 പന്തില്‍ 25 റണ്‍സ് അടിച്ച ഹര്‍പ്രീത് ബ്രാറും രാഹുലിന് പിന്തുണ നല്‍കി. ജമെയ്‌സണ്‍ എറിഞ്ഞ ആറാം ഓവറില്‍ ഗെയ്ല്‍ അഞ്ചു ഫോര്‍ ആണ് അടിച്ചെടുത്തത്.
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി രാഹുലും പുതുമുഖ താരം പ്രഭ്‌സിമ്രന്‍ സിംഗും കൂടി ചേര്‍ന്നാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും നന്നായി തുടങ്ങിയെങ്കിലും അമിതാവേശത്തില്‍ ജയ്മിസന്റെ പന്തില്‍ അലക്ഷ്യമായ ഷോട്ട് കളിച്ച പ്രഭ്‌സിമ്രന്‍ കോഹ്ലിക്ക് ക്യാച്ച് നല്‍കി മടങ്ങി. പക്ഷേ മറുവശത്ത് രാഹുല്‍ തന്റെ പതിവ് ഫോമിലായിരുന്നു. ആദ്യ വിക്കറ്റ് വീണ ശേഷം ക്രീസില്‍ വന്ന ക്രിസ് ഗെയ്ല്‍ തന്റെ പഴയകാല പ്രതാപത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് കളി തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ രാഹുലും ഗെയ്‌ലും കൂടി ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
ആര്‍സിബി ബൗളര്‍മാരെ ആക്രമിച്ചു മുന്നേറിയ ഇവര്‍ പെട്ടെന്ന് തന്നെ പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തി. ആദ്യ ആറ് ഓവറില്‍ 49 റണ്‍സാണ് പഞ്ചാബ് നെടിയതെങ്കില്‍ 11ആം ഓവറില്‍ ഗെയ്ല്‍ പുറത്താകുമ്പോള്‍ 99 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. 24 പന്തില്‍ നിന്നും 46 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചാണ് ഗെയ്ല്‍ മടങ്ങിയത്. അഞ്ചോവറില്‍ നിന്നും 50 റണ്‍സാണ് അവര്‍ നേടിയത്. 12ആം ഓവറില്‍ തന്നെ 100 കടന്ന് ശക്തമായ നിലയില്‍ നില്‍ക്കുകയായിരുന്ന പഞ്ചാബിന് പക്ഷേ ഞൊടിയിടയിലാണ് 99-2 എന്ന നിലയില്‍ നിന്നും 118-5 എന്ന നിലയിലേക്ക് ദയനീയമായി വീണത്.
പഞ്ചാബിന് ഈ സീസണില്‍ വിജയം നേടാനാവത്തതിന്റെ പ്രധാന കാരണമായ അവരുടെ മധ്യനിരയുടെ മോശം പ്രകടനം ഈ മത്സരത്തിലും തുടര്‍ന്നു. ടൂര്‍ണമെന്റില്‍ പൂജ്യത്തിന് പുറത്തായി റെക്കോര്‍ഡ് ഇട്ട അവരുടെ വിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍ ഈ മത്സരത്തിലും പൂജ്യത്തിന് പുറത്തായി. മൂന്ന് പന്തുകള്‍ നേരിട്ടാണ് താരം പുറത്തായത്. ദീപക് ഹൂഡ(5), ഷാരൂഖ് ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍
ഒരു വശത്ത് വിക്കറ്റുകള്‍ നിലംപൊത്തി കൊണ്ടിരിക്കുമ്പോഴും മറുവശത്ത് രാഹുല്‍ റണ്‍സ് നേടി മുന്നേറുകയായിരുന്നു. ആറാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന പുതുമുഖ താരം ഹര്‍പ്രീത് ബ്രാര്‍ ക്യാപ്റ്റന് മികച്ച പിന്തുണയുമായി നിന്നു. താളം കണ്ടെത്തിയതോടെ രാഹുലിനെ സാക്ഷി നിര്‍ത്തി താരവും വമ്പന്‍ ഷോട്ടുകള്‍ കളിച്ച് തുടങ്ങി. 16ആം ഓവര്‍ തീരുമ്പോള്‍ 126 റണ്‍സ് മാത്രമുണ്ടായിരുന്ന പഞ്ചാബ് 20 ഓവര്‍ അവസാനിക്കുമ്പോള്‍ 179 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. അവസാന നാല് ഓവറില്‍ നിന്നും അവര്‍ 53 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. ഇതില്‍ ടൂര്‍ണമെന്റിലെ നിലവിലെ പര്‍പ്പിള്‍ ക്യാപ് അവകാശികയായ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 18ആം ഓവറിലും അവസാന ഓവറിലും കൂടി ചേര്‍ന്ന് 40 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. 57 പന്തില്‍ 91 റണ്‍സുമായി ക്യാപ്റ്റന്‍ രാഹുലും 17 പന്തില്‍ 25 റണ്‍സുമായി ഹര്‍പ്രീത് ബ്രാറും പുറത്താകാതെ നിന്നു.
ആര്‍സിബിക്കായി ബൗളിംഗില്‍ ജയ്മിസന്‍ രണ്ട് വിക്കറ്റും ഡാനിയല്‍ സാംസ്, ചഹല്‍, ഷഹബാസ് അഹമദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
