പ്ലേഓഫ് : ടീമുകളുടെ സാധ്യത ഇങ്ങനെ -
രാജസ്ഥാൻ റോയൽസ്, ലക്നൗ സൂപ്പർ ജയൻറ്സ്
20ന് ചെന്നൈയ്ക്കെതിരെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിനിറങ്ങുന്ന രാജസ്ഥാന് ഇതിൽ ജയിക്കുകയാണെങ്കിൽ അനായാസം പ്ലേഓഫ് യോഗ്യത നേടാം. ചെന്നൈക്കെതിരെ വമ്പൻ തോൽവി വഴങ്ങാതിരുന്നാലും അവർ പ്ലേഓഫിലേക്ക് കടക്കും. 14 പോയിന്റുമായി പ്ലേഓഫ് സ്ഥാനത്തിനായി പൊരുതുന്ന നിലവിൽ അഞ്ചാം സ്ഥാനത്തുള്ള റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അവസാന മത്സരത്തിന് ശേഷമാണ് രാജസ്ഥാൻ തങ്ങളുടെ അവസാന മത്സരത്തിന് ഇറങ്ങുന്നത്. ബാംഗ്ലൂരിന്റെ മത്സരഫലം വന്നതിന് ശേഷം ഇറങ്ങുന്നതിനാൽ ചെന്നൈക്കെതിരായ മത്സരത്തിന് മുൻപേ അവർക്ക് പ്ലേഓഫ് യോഗ്യത നേടാനുള്ള കണക്കുകൂട്ടലുകൾ നടത്താനാകും. പ്ലേഓഫ് യോഗ്യതയ്ക്ക് അരികിൽ നിൽക്കുന്ന രാജസ്ഥാൻ പുറത്താകണമെങ്കിൽ രണ്ട് കാര്യങ്ങൾ ഒരുമിച്ചു നടക്കണം. അവർ ചെന്നൈയ്ക്കെതിരെ വമ്പൻ മാർജിനിൽ തോൽക്കുകയും ബാംഗ്ലൂർ ഗുജറാത്തിനെതിരെ വമ്പൻ ജയം നേടുകയും വേണം.
advertisement
ലക്നൗ സൂപ്പർ ജയന്റ്സും തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ പ്ലേഓഫ് യോഗ്യത സ്വന്തമാക്കുന്നതിന് അരികിൽ നിൽക്കുകയാണ്. നാളെ കൊൽക്കത്തയ്ക്കെതിരായ അവരുടെ അവസാന ലീഗ് മത്സരത്തിൽ വലിയ മാർജിനിലുള്ള തോൽവി ഒഴിവാക്കിയാൽ ലക്നൗ തങ്ങളുടെ അരങ്ങേറ്റ ഐപിഎൽ പ്ലേഓഫിനുള്ള ടിക്കറ്റ് ഉറപ്പിക്കും.
അവസാന ലീഗ് മത്സരങ്ങളിൽ രാജസ്ഥാനും ലക്നൗവും ജയിച്ചാൽ ഇരു ടീമുകൾക്കും 18 പോയിന്റാകും. അങ്ങനെ വരുമ്പോൾ മികച്ച നെറ്റ് റൺറേറ്റുള്ള ടീം രണ്ടാം സ്ഥാനക്കാരാകും.
ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
സ്വന്തം മത്സരഫലങ്ങൾക്ക് പുറമെ മറ്റ് ടീമുകളുടെയും അവസാന മത്സരങ്ങളിലെ ഫലങ്ങളെ ആശ്രയിച്ചിരിക്കുകയാണ് ഡൽഹിയും ബാംഗ്ലൂരും. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് നേടിയാണ് ഇരു ടീമുകളും നിൽക്കുന്നതെങ്കിലും ബാംഗ്ലൂരിനെക്കാൾ (-0.323) മികച്ച നെറ്റ് റൺറേറ്റ് ഉള്ളതിനാൽ ഡൽഹി (+0.255) പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. പ്ലേഓഫ് പ്രതീക്ഷയുള്ള മറ്റ് ടീമുകളേക്കാൾ മികച്ച റൺറേറ്റ് ഉള്ളതിനാൽ അവസാന മത്സരത്തിൽ മികച്ച ജയം നേടിയാൽ പ്ലേഓഫിൽ നാലാം സ്ഥാനക്കാരായി ഡൽഹിക്ക് കടന്നുകൂടാം. നെറ്റ് റൺറേറ്റ് മോശമായതിനാൽ വമ്പൻ ജയം നേടിയാൽ പോലും ഡൽഹിയുടെയും മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചാകും ബാംഗ്ലൂരിന്റെ പ്ലേഓഫ് യോഗ്യത.
നെറ്റ് റൺറേറ്റ് എന്ന വിദൂര സാധ്യതയിൽ പ്രതീക്ഷയർപ്പിച്ച് കൊൽക്കത്ത, പഞ്ചാബ്, ഹൈദരാബാദ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്ക് ബാക്കിയുള്ള മത്സരങ്ങൾ ജയിച്ചാലും 14 പോയിന്റേ നേടാൻ കഴിയുകയുള്ളൂ. ഡൽഹിയും ബാംഗ്ലൂരും അവസാന മത്സരങ്ങൾ തോൽക്കുകയാണെങ്കിൽ അവർ 14 പോയിന്റിൽ തന്നെ നിൽക്കു൦. അങ്ങനെ വന്നാൽ നെറ്റ് റൺറേറ്റ് തുണയായേക്കുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്.